കോഴിക്കോട്: താമരശേരി രൂപതയുടെ കീഴിലുള്ള കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ 15.5 ഏക്കർ ഭൂമിയുടെ കൈമാറ്റം പൂർത്തിയായി. കാത്തലിക് ലേമെൻ അസോസിയേഷന്റെ എതിർപ്പ് രേഖപ്പെടുത്തിയാണ് തഹസിൽദാരുടെ അനുമതിയോടെ കൂടരഞ്ഞി വില്ലേജ് ഓഫീസർ പോക്ക് വരവ് നടത്തിയത്. ഒമ്പതംഗ സംഘമാണ് സ്ഥലം വാങ്ങിയത്. 60 വർഷം പഴക്കമുള്ള പള്ളിയും സെമിത്തേരിയും ആനയോട് ജംഗ്ഷനിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയാണ് സെമിത്തേരിയും പളളിയും നിൽക്കുന്ന സ്ഥലം വിറ്റതെന്നാണ് കാത്തലിക് ലേമെൻ അസോസിയേഷന്റെ ആരോപണം. ഇതിനെതിരെ അവർ നൽകിയ പരാതി രൂപത അവഗണിച്ചിരുന്നു. തുടർന്ന് പോക്ക് വരവ് നടത്തരുതെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിന് നൽകിയ പരാതിയും തള്ളി. കഴിഞ്ഞ വർഷം ഭൂമി കൈമാറ്റം നടന്നതെങ്കിലും പോക്ക് വരവ് നടത്തിയിരുന്നില്ല.
സമീപമുള്ള സ്ഥലങ്ങളിൽ നേരത്തെ നടന്നിരുന്ന ചെറിയ തോതിലുള്ള കരിങ്കൽ ഖനനത്തിന് പള്ളിയും സെമിത്തേരിയുമായിരുന്നു തടസം. ഭൂമി കൈമാറ്റത്തിലൂടെ എല്ലാം മാഫിയകൾക്ക് അനുകൂലമായി. എന്നാൽ ക്വാറി മാഫിയയ്ക്ക് വേണ്ടി പള്ളി മാറ്റിയെന്ന ആരോപണം തെറ്റാണെന്ന് കൈമാറ്റത്തെ അനുകൂലിക്കുന്നവർ പറഞ്ഞു. ഇടവകാംഗങ്ങളിൽ ഭൂരിഭാഗവും കൈമാറ്റത്തെ അനുകൂലിക്കുന്നവരാണ്. ഏതാനും പേർ മാത്രമാണ് എതിർക്കുന്നത്. കൈമാറിയ സ്ഥലം കുന്നിൻ മുകളിലായിരുന്നു. ഇപ്പോൾ പള്ളി പണിത സ്ഥലത്ത് എല്ലാവർക്കും വന്നുപോകാൻ സൗകര്യമുണ്ടെന്നും ഇവർ പറയുന്നു.