സുൽത്താൻ ബത്തേരി : വന്യമൃഗങ്ങളെ വനത്തിനകത്ത് തന്നെ തടഞ്ഞു നിർത്തുന്നതിന് വേണ്ടി വനാതിർത്തികളിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന റെയിൽഫെൻസിംഗ് സംവിധാനത്തിലെ അപാകത പരിഹരിക്കാൻ നടപടി വേണമെന്ന് ജനജാഗ്രത സമിതി. ബത്തേരി നഗരസഭ പരിധിയിലെ വനവും വന്യജീവികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളുമായി നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സുൽത്താൻ ബത്തേരി മുതൽ മൂടക്കൊല്ലിവരെയാണ് റെയിൽ ഫെൻസിംഗ് .നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടെ തന്നെ പലഭാഗത്തും വേലി തകർത്ത് ആന കർഷകരുടെ കൃഷിയിടത്തിലെത്തുന്നത് തടയാൻ നടപടിവേണം. വനപാതകളിലൂടെ ഹമ്പ് നിർമ്മിക്കാനുള്ള നീക്കം ഉപോക്ഷിക്കണമെന്നും, കൊമ്പൻചേരിയിലെ താൽക്കാലിക ഷെഡിൽ കഴിയുന്ന അഞ്ച് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി അവരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ബത്തേരി -പുൽപ്പള്ളി റോഡിൽ വനപാതയോട് ചേർന്ന് നിൽക്കുന്ന കുറ്റിക്കാടുകൾ വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വെട്ടി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു. ആദിവാസി കോളനികളിൽ വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് അതാത് റെയിഞ്ച് ഓഫീസർമാർക്ക് നിർദ്ദേശം നൽകും. വന്യ മൃഗ ശല്യത്തിൽ കൃഷി നശിച്ച കൃഷിക്കാർക്കുള്ള ആനുകൂല്യം അടിയന്തിരമായി വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നഗരസഭ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾറഹ്മാൻ, പി.കെ.സുമതി, കൗൺസിലർമാരായ പി.പി.അയ്യൂബ്, എം.കെ.സാബു, അഹമ്മദ്കുട്ടി കണ്ണിയൻ, ബാനു പുളിക്കൽ, നഗരസഭ സെക്രട്ടറി അലി അസ്‌ക്കർ, കുറിച്ച്യാട് റെയിഞ്ച് ഓഫീസർ രതീശൻ, ബത്തേരി റെയിഞ്ച് ഓഫീസർ രമ്യ രാഘവൻ, ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ ബൈജുനാഥ് എന്നിവർ പങ്കെടുത്തു.