പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.ഐ കോട്ടൂർ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലയിൽ ഡൽറ്റാ കമ്പനി നൂറ് ഏക്കറിലധികം സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. 2018ൽ ക്വാറി തുടങ്ങാൻ കമ്പനി മാനദണ്ഡങ്ങൾ മറികടന്ന് പാരിസ്ഥിതികാനുമതി സംഘടിപ്പിച്ചെങ്കിലും ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഇത് മരവിപ്പിച്ചു. മല സന്ദർശിച്ച രണ്ടംഗം സ്റ്റേറ്റ് എക്‌സ്‌പേർട്ട് എപ്രൈസൽ കമ്മിറ്റി ടീം കമ്പനിക്ക് അനുകൂലമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്. വസ്തുതകൾ മറച്ചുവെച്ചുള്ള റിപ്പോർട്ട് തള്ളിക്കളയണമെന്നും ക്വാറി തുടങ്ങാനുള്ള എല്ലാ നീക്കവും അവസാനിപ്പിക്കാൻ ഇടപെടണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. കുമാരൻ, കെ.വി. സത്യൻ, കെ.കെ. നാരായണൻ, പി.കെ. രവി എന്നിവർ സംസാരിച്ചു.