പേരാമ്പ്ര: കായണ്ണയെ മത്സ്യസമ്പത്തിൽ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് മത്സ്യസമൃദ്ധി പദ്ധതി തുടങ്ങി. സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 10 ഏക്കർ സ്ഥലത്താണ് മത്സ്യകുഞ്ഞുങ്ങളെ വളർത്തുക. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 കർഷകർ ചേർന്നാണ് 2 സെന്റ് സ്ഥലത്ത് കുളം നിർമ്മിക്കുക. കായണ്ണ വനിതാ സഹകരണ സംഘം മത്സ്യകുഞ്ഞുങ്ങളെ നൽകും. സ്വാഭാവിക ജലാശയങ്ങളിൽ കൃഷി ചെയ്യുന്നതിനായി 20000 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി മത്സ്യകർഷകനായ എൻ. ചോയിയ്ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.പി. സജീവൻ, ടി. ഷീന, കോ ഓർഡിനേറ്റർ കെ.പി.സി ഗോപി, സുനിൽ എന്നിവർ സംസാരിച്ചു.