poster

എലത്തൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പലയിടത്തായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. കണ്ടംകുളങ്ങരയിലെ ആയുർവേദ ഷോപ്പിന് സമീപവും കണ്ടംകുളങ്ങര ബസ് സ്റ്റോപ്പ്, ഹോമിയോ കോളേജിന് സമീപത്തെ മതിലുകൾ എന്നിവടങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചത്.

എൻ.ആർ.സി.സി.എ.എ വിരുദ്ധ പ്രക്ഷോഭകരെയും ദളിത് ആദിവാസി ന്യൂനപക്ഷത്തെയും വേട്ടയാടുന്നവർക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് പോസ്റ്ററുകളും ബാനറുകളും. കൊറോണ വൈറസ് മുതലാളിത്ത സൃഷ്ടിയാണെന്നുമുണ്ട് ഇവയിൽ. രാവിലെ വിവരമറിഞ്ഞയുടൻ തന്നെ പൊലീസെത്തി ബാനറുകളും പോസ്റ്ററുകളും മാറ്റി. അടുത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പോസ്റ്റർ പതിക്കാൻ എത്തിയ വാഹനത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എലത്തൂർ സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.