arrest

നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിൽ ബി.ജെ. പി, ആർ.എസ്.എസ്. നേതാക്കളെ ആക്രമിച്ചെന്ന കേസിൽ മൂന്ന് സി.പി.എം. പ്രവർത്തകർ അറസ്റ്റിലായി. അരൂർ വെങ്കണയുള്ള പറമ്പത്ത് രജീഷ് (36), തയ്യുള്ളപറമ്പത്ത് റിജേഷ് (31) പുളിയോന്നുമ്മൽ ലിനീഷ് (30) എന്നിവരെയാണ് നാദാപുരം പൊലീസ് ഇൻസ്പക്ടർ എം.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ഇവരെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ, ആർ.എസ്.എസ് പുറമേരി പഞ്ചായത്ത് സഹ കാര്യവാഹ് എം.പി. മിഥുൻ, വള്ളിൽ താഴക്കുനിയിൽ ഷൈജു എന്നിവർക്കു നേരെയായിരുന്നു അക്രമം. ഇരുമ്പുവടി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ രാജനെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലാണ്. ഷൈജുവിനും കൈയ്ക്ക് പരിക്കുണ്ട്. മൂന്ന് പേരും രണ്ട് ബൈക്കിലായി ഇവർ സഞ്ചരിക്കുന്നതിനിടെ അരൂർ കനാലിനടുത്ത് വെച്ച് തടഞ്ഞ് സംഘം ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി.