ആയുർവേദ ചികിത്സാരംഗത്ത് സുവർണ ജൂബിലി കടന്നിരിക്കുകയാണ് ഡോ.വി.സത്യാനന്ദൻ നായർ. ജന്മം കൊണ്ടു കോഴിക്കോട്ടുകാരനെങ്കിലും കർമ്മം കൊണ്ടു വയനാട്ടുകാരനായി മാറിയ ഇദ്ദേഹത്തിന്റെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവർ തലമുറകളുണ്ടിവിടെ. സുൽത്താൻ ബത്തേരിയിൽ അര നുറ്റാണ്ട് മുമ്പ് തുടക്കമിട്ട കോഴിക്കോട് ആയുർവേദിക് ഫാർമസി ആൻഡ് സ്റ്റോഴ്സ് പാരമ്പര്യത്തിളക്കത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ്.
കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്ന് 1969ൽ പഠനം പൂർത്തിയാക്കിയത് 23ാം വയസ്സിൽ. ആ വർഷം തന്നെ ബത്തേരിയിൽ വാടകക്കെട്ടിടത്തിലാണ് കോഴിക്കോടിന്റെ പേരുമായി ചികിത്സാലയം തുറക്കുന്നത്. വൈദ്യപഠനത്തിലേക്ക് തിരിഞ്ഞതും പിന്നീട് വയനാട്ടിൽ സ്വന്തമായി ചികിത്സാകേന്ദ്രം തുടങ്ങുന്നത് മരുന്ന് വ്യാപാരിയായ ജ്യേഷ്ഠസഹോദരൻ വി.ഹരിദാസൻ നായരുടെ പ്രേരണയിലും പ്രചോദനത്തിലുമായിരുന്നു. അക്കാലത്ത് വയനാട്ടിലേക്ക് വാഹനസൗകര്യം പേരിനു മാത്രം. രണ്ടോ മൂന്നോ സ്വകാര്യ ബസുകളായിരുന്നു ആശ്രയം. വൈകാതെ ബത്തേരിയിലേക്ക് താമസം മാറി. ആശുപത്രിയും വിപുലീകരിച്ചു. അന്ന് തുടക്കത്തിൽ സഹായികളായുണ്ടായിരുന്നത് രണ്ടു ജീവനക്കാരാണ്. ഇന്നിപ്പോൾ ഡോ.അരുൺ, ഡോ.ശ്രീചന്ദന, ഡോ.ക്രിസ്റ്റി എന്നിവരുൾപ്പെടെ മുപ്പതിലേറെ സ്റ്റാഫുണ്ട്.
@ വിട്ടുവീഴ്ചയില്ല മരുന്നിന്റെ ഗുണമേന്മയിൽ
ചികിത്സ തുടങ്ങിയപ്പോൾ തന്നെ സ്വന്തമായി മരുന്ന് നിർമ്മാണ യൂണിറ്റു കൂടി വേണമെന്ന് ഉറപ്പിച്ചിരുന്നു ഡോ.സത്യാനന്ദൻ നായർ. 1983-ലാണ് ഡ്രഗ് ലൈസൻസ് കിട്ടിയതോടെ മരുന്ന് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. പൊതുവിപണിയിൽ ഇറങ്ങുന്ന എല്ലാ മരുന്നുകളുടെയും ഗുണമേന്മയിൽ തൃപ്തിയില്ലെന്നതു കൊണ്ടുതന്നെയാണ് ഏറെ ബുദ്ധിമുട്ടിയാണെങ്കിലും നിർമ്മാണത്തിന്റെ കാര്യത്തിലുള്ള ഊന്നൽ. മരുന്നിന്റെ ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും പറ്റില്ല. മരുന്നുകൾ കുറിച്ചതു കൊണ്ടു മാത്രമായില്ല. നല്ല മരുന്ന് ഉറപ്പാക്കുക കൂടി ചെയ്യുമ്പോഴേ ചികിത്സ ഫലപ്രദമാവൂ; ഡോ.സത്യാനന്ദൻ നായർ പറയുന്നു. ബത്തേരിയ്ക്കടുത്ത് മണിച്ചിറയിൽ രണ്ടര ഏക്കർ ഭൂമിയിലായാണ് ഫാക്ടറി.
ഇതോടനുബന്ധിച്ച് ഒൗഷധ സസ്യങ്ങളുടെ തോട്ടവുമുണ്ട്. പരാമ്പരാഗത മരുന്നുകളാണ് പ്രധാനമായും നിർമ്മിക്കുന്നത്. അജമാംസ രസായനം പോലുള്ള മരുന്നുകളാണ് മുൻനിരയിൽ.
@ യോഗ സെന്റർ
കിടത്തി ചികിത്സ, പഞ്ചകർമ്മ തുടങ്ങിയവയ്ക്കുള്ള സൗകര്യം കൂടാതെ യോഗാ സെന്ററുമുണ്ട് ആശുപത്രിയിൽ. യോഗ പതിവായി ചെയ്യുന്നത് ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ സഹായിക്കുമെന്ന് ഡോ.സത്യാനന്ദൻ നായർ സാക്ഷ്യപ്പെടുത്തുന്നു.
@ സാമൂഹ്യ പ്രവർത്തന രംഗത്തും സജീവം
മദ്യവിപത്തിനെതിരെയുള്ള കാമ്പയിനുകളിൽ സജീവപങ്കാളിത്തം വഹിക്കാറുണ്ട്. മദ്യവും മയക്കുമരുന്നും മൂലം ആളുകൾ നശിക്കുന്നതു കാണുമ്പോൾ, അതിനെതിരായുള്ള വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്നു. ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകിട്ടാനും മുന്നിട്ടിറങ്ങാറുണ്ട്.
സംസ്കൃത പ്രചാരണത്തിലെന്ന പോലെ ക്ഷേത്ര പുനരുദ്ധരണ പ്രവർത്തനരംഗത്തും ശ്രദ്ധ ചെലുത്തുന്നുണ്ട് ഇദ്ദേഹം.വായന ഒരുപാട് ഇഷ്ടമാണ്. ധാരാളം പുസ്തകങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. എന്നാൽ, അതൊന്നും വായിക്കാൻ സമയം ഒത്തുകിട്ടുന്നില്ലെന്ന സങ്കടമാണ്. ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളിൽ പുസ്തകങ്ങൾ തന്നെയായിരുന്നു കൂട്ട്. കേരള ആയുർവേദ മണ്ഡലം വയനാട് ജില്ലാ പ്രസിഡന്റും ആയുർവേദ മെഡിസിൻ മാന്യുഫാക്ചറിംഗ് ഒാർഗനൈസേഷൻ ഓഫ് ഇന്ത്യ ( എ.എം.എം.ഒ.ഐ) കോഴിക്കോട് - വയനാട് റീജിനൽ പ്രസിഡന്റുമാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡന്റ്, ബത്തേരി ലയൺസ് ക്ളബ് പ്രസിഡന്റ്, ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എൻ.എസ്.എസ് ബത്തേരി പ്രസിഡന്റ്, വിശ്വഹിന്ദു പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് , ബത്തേരി അർബ്ബൻ ബാങ്ക് പ്രസിഡന്റ് , ബത്തേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
കാരപ്പറമ്പ് വളപ്പിൽ തറവാട്ടിലെ എം.ടി. രാമൻനായർ മാധവി അമ്മ ദമ്പതികളുടെ ഇളയ മകനാണ് ഡോ.വി.സത്യാനന്ദൻ നായർ . ഹരിദാസൻ നായർ, സദാനന്ദൻനായർ, ദേവദാസൻനായർ എന്നിവർ സഹോദരങ്ങളാണ്. എയർഫോഴ്സ് ജീവനക്കാരിയായ ജാനകിയമ്മ സഹോദരിയാണ്. മക്കൾ : സിന്ധു,രശ്മി, സീമ. മരുമക്കൾ: ഹരീന്ദ്രൻ, കൃഷ്ണകുമാർ, രാജേഷ്. പേരക്കുട്ടികൾ : അഭിമന്യു, കാർത്തിക്, ഇഷാനി.