കൊയിലാണ്ടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഇ-വിദ്യാരംഭം പദ്ധതിയുടെ ഭാഗമായി ടി.വി ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി ജനമൈത്രി പൊലീസ്. സ്റ്റുഡന്റ് പൊലീസ് കാഡറ്റുമായി ചേർന്നാണ് കൊയിലാണ്ടി പൊലീസ് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ ടി.വി നൽകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മൂടാടി പഞ്ചായത്തിലെ മുചുകുന്ന് വലിയമല കോളനിയിലെ കുട്ടികൾക്ക് പഞ്ചായത്ത് റിക്രിയേഷൻ സെന്റർ ഓൺലൈൻ പഠന കേന്ദ്രമാക്കുന്നതിന് ടി.വി നൽകി. കൊയിലാണ്ടി സി.ഐ കെ.സി.സുഭാഷ് ബാബു പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരിക്ക് ടി.വി കൈമാറി. വാർഡ് മെമ്പർ ടി.രജനി, എസ്.ഐ കെ.മുനീർ, എസ്.ഐ അനീഷ്, എ.എസ്.ഐ കെ.നിസാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി.രാജേഷ്, കെ.സുമേഷ്, കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സെക്രട്ടറി ജി.പി.അഭിജിത്, സുരേഷ്, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.