കോഴിക്കോട്: മൈക്ക് കൈയിൽ കിട്ടിയാൽ പിന്നെചില നേതാക്കൾ സമൂഹികഅകലവും മാസ്കിന്റെ കാര്യവുമെല്ലാം മറക്കും. പ്രസംഗം കഴിഞ്ഞ് അടുത്ത നേതാവിന് മൈക്ക് കൈമാറി അടുത്ത സമരപ്പന്തലിലേക്ക്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങൾ നഗരത്തിൽ അരങ്ങേറുന്നത്. കർശന വിലക്കുകൾ ഓർമ്മിപ്പിച്ച് ആരോഗ്യപ്രവർത്തകരും പൊലീസും മുന്നോട്ട് നീങ്ങുമ്പോഴും നിയന്ത്രണം പാലിക്കാതെയുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടംചേരലുകൾ ആശങ്ക കൂട്ടുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലായി തുടരുന്ന രാഷ്ട്രീയ സമരങ്ങളിലെന്ന പോലെ മറ്റു ചടങ്ങുകളിലും ഒരകലവും പാലിക്കാതെയാണ് നിരവധി പേർ പങ്കെടുക്കുന്നത്.
റിമോട്ട് ഹാൻഡ് മൈക്ക് അഞ്ച് മുതൽ അൻപത് വരെ ആളുകൾ വരെ ഉപയോഗിക്കുന്നുണ്ട്. ജനപ്രതിനിധികളടക്കം ദിവസം ഒന്നും രണ്ടും പരിപാടികളിൽ സജീവസാന്നിദ്ധ്യമാണ്. കൂട്ടംചേരലുകൾക്ക് കടുത്ത നിയന്ത്രങ്ങളുണ്ടെങ്കിലും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇതൊന്നും ബാധകമല്ലെന്ന അവസ്ഥയാണ്. മാസ്ക് ധരിക്കാതെയാണ് പല നേതാക്കളുടെയും പ്രസംഗം.