street-dog

കോഴിക്കോട്: പകർച്ചവ്യാധിയും കൊവിഡും കാരണം ആശങ്കയുടെ മുൾമുനയിലായ നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ് തെരുവുകളിലെ മാലിന്യക്കൂനകളും നായ്‌ക്കളും. മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ച കാരണം കുന്നുകൂടുന്ന മാലിന്യം മഴക്കാലത്ത് പകർച്ചവ്യാധികൾക്ക് ആക്കം കൂട്ടുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.

നഗരത്തോട് ചേർന്ന് ബീച്ച്, മലാപ്പറമ്പ് - തൊണ്ടയാട്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, ഫ്രാൻസിസ് റോഡ് ഭാഗങ്ങളിലാണ് മാലിന്യപ്രശ്‌നം രൂക്ഷം. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ആരംഭിച്ച നഗരത്തിലെ മാലിന്യനീക്കം തൊഴിലാളിക്ഷാമം കാരണം മന്ദഗതിയിലാണ്. മഴയിൽ മാലിന്യം ചീഞ്ഞതോടെ അസഹ്യ ദുർഗന്ധവും വമിക്കുന്നുണ്ട്. മാലിന്യത്തിൽ നിന്നു തീറ്റതേടി കൂട്ടമായെത്തുകയാണ് നായ്ക്കൾ. നഗരത്തിൽ ഏതാണ്ട് 20,000 തെരുവു നായ്‌ക്കളുണ്ടെന്നാണ് കോർപ്പറേഷന്റെ കണക്ക്.

വൈകിട്ട് ആറിന് ശേഷം റോഡിലിറങ്ങുന്നവർക്ക് പിന്നാലെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. നായ്‌ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഇരുചക്രവാഹനയാത്രക്കാരും നിരവധിയാണ്. ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, പാളയം, വലിയങ്ങാടി, കോടതി പരിസരം, വൈക്കം മുഹമ്മദ് ബഷീർ റോഡ്, ഫ്രാൻസിസ് റോഡ്, ബസ് സ്റ്റാൻഡ്‌, പുതിയറ റോഡ് എന്നിവിടങ്ങളാണ് തെരുവ് നായ്‌ക്കളുടെ താവളം.

സമയമെടുക്കും 'എ.ബി.സി"യ്‌ക്ക്

ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിലെ വന്ധ്യംകരണ പദ്ധതി നിലച്ചതാണ് തെരുവുനായ്‌ക്കൾ പെരുകാൻ കാരണമായത്. പൂളക്കടവിൽ എ.ബി.സി (ആനിമൽ ബർത്ത് കൺട്രാൾ) ആശുപത്രി തുടങ്ങുന്നതിന്റെ മുന്നോടിയായി 2018ൽ കോർപ്പറേഷൻ നടത്തിയ സർവേയിൽ 13,182 തെരുവുനായ്‌ക്കളെ കണ്ടെത്തിയിരുന്നു. സർവേ കഴിഞ്ഞ് ഒരു വർഷം വേണ്ടി വന്നു ആശുപത്രി തുടങ്ങാൻ.

 പരാതിപ്പെടാം

വീട്ടിലോ പരിസരങ്ങളിലോ നായശല്യമുണ്ടായാൽ ജനത്തിന് നഗരസഭ ജനസേവന കേന്ദ്രത്തിലും പൂളക്കടവ് എ.ബി.സി ആശുപത്രിയിലും പരാതി നൽകാം. പരാതിപ്പെടുമ്പോൾ കൃത്യമായ വിലാസം നൽകണം. എ.ബി.സി യിൽ ഫോണിലൂടെ ഉച്ചയ്‌ക്ക് രണ്ട് മുതൽ നാല് വരെ പരാതി സ്വീകരിക്കും. ഫോൺ: 0495 2732288.

പദ്ധതി ഇങ്ങനെ

 എ.ബി.സി പദ്ധതി പൂർത്തിയാക്കാൻ വേണ്ട വർഷം - 5

 വന്ധീകരണം നടത്തിയ നായ്‌ക്കൾ - 4000

 ദിവസവും പിടിക്കുന്ന നായ്‌ക്കൾ - 15 മുതൽ 20 വരെ

 നഗരത്തിൽ അലയുന്ന തെരുവുനായ്ക്കൾ - 20,000

 2018-ലെ സർവേയിൽ കണ്ടെത്തിയ നായ്‌ക്കൾ - 13,182

ലോക് ഡൗണിൽ 15 ദിവസം നായ്‌ക്കളെ പിടിക്കുന്നത് നിറുത്തിവെച്ചിരുന്നു. ഇപ്പോൾ അത് പുനഃരാരംഭിച്ചിട്ടുണ്ട്.

ഡോ.വി.എസ്. ശ്രീഷ്മ,

വെറ്ററിനറി സർജൻ