mla
മെഡിക്കൽ കോളേജിന് കീഴിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എൽ.എയുടെ ഫണ്ടിൽനിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം

കോഴിക്കോട്: പകർച്ച വ്യാധി പ്രതിരോധം ഏകോപിപ്പിക്കാനായി പി.ടി.എ റഹീം എം.എൽ.എ കോഴിക്കോട് മെഡിക്കൽ കോളേജിന് നൽകിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോൽ പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ ഏറ്റുവാങ്ങി. റീജിയണൽ വൈറസ് റിസർച്ച് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്കാണ് വാഹനം ഉപയോഗപ്പെടുത്തുക. ചെറൂപ്പയിലെ മെഡിക്കൽ കോളേജ് എക്‌സ്റ്റൻഷൻ സെന്ററിലേക്ക് ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വൈറസ് സാമ്പിളുകൾ ശേഖരിച്ച് എത്തിക്കാനും സഹായകമാകും. സർക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയാണ് വാഹനം ലഭ്യമാക്കിയത്. രണ്ട് വെന്റിലേറ്റർ വാങ്ങാൻ 28 ലക്ഷം രൂപയും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും നേരത്തെ നൽകിയതായി പി.ടി.എ റഹീം പറഞ്ഞു. സൂപ്രണ്ട് ഡോ. കെ.ജി സജിത് കുമാർ, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പി. വിജയൻ, ഡോ. അശോകൻ കുറ്റിയിൽ, ഡോ. ജെ. ബീന ഫിലോമിന, മെഡിക്കൽ കോളേജ് വികസന സമിതി അംഗം മേപ്പാല അലി, വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.