കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ പലതും കേന്ദ്ര മന്ത്രി വി. മുരളീധരൻ അറിയാറില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി എയർ ഇന്ത്യ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറസ് തടയുന്നതിലുള്ള കേരളത്തിന്റെ മുൻകരുതലുകളെ പ്രശംസിച്ചാണ് വിദേശമന്ത്രാലയ സെക്രട്ടറി സഞ്‌ജയ് ഭട്ടാചാര്യ പ്രശംസിച്ചതെന്നും എളമരം പറഞ്ഞു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, പി.കെ. കബീർ സലാല, പ്രവാസി കൂട്ടായ്‌മ ചെയർമാൻ സലിം മണാട്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, റഫീഖ് പാലത്ത്, ഷംസീർ ബാലുശ്ശേരി, ഷിജിത് പേരാമ്പ്ര, മൊയ്‌തീൻകോയ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.വി. ഇക്‌ബാൽ സ്വാഗതവും എം. ജവഹർ നന്ദിയും പറഞ്ഞു.