rupees

കോഴിക്കോട് : ആധാരം രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർ

ഓഫീസർക്ക് 7 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും. ചേവായൂർ സബ് രജിസ്ട്രാർ ഓഫീസർ ആയിരുന്ന ബീന .പി.കെയ്ക്കാണ് വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്‌ജി കെ.വി.വിജയകുമാർ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. ഇവർ ഇപ്പോൾ കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫീസിലെ ചിട്ടി ഇൻസ്‌പെക്ടറാണ്.

2014 ൽ ചേവായൂർ സബ് രജിസ്ട്രാർ ഓഫീസർ ആയിരിക്കെ ബീന .പി.കെ. ആധാരം എഴുത്തുകാരനായ മായനാട് സ്വദേശി ഭാസ്‌കരൻ നായരുടെ നാല് ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ആധാരം മടക്കുമെന്നും അറിയിച്ചു. തുടർന്ന് ഭാസ്‌കരൻ നായർ കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന എൻ.പി. പ്രേംദാസിനെ വിവരം അറിയിച്ചു. ചേവായൂർ സബ് രജിസ്ട്രാർ ഓഫീസിലെ റെക്കാഡ് മുറിയിൽ വച്ച് 5000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയോടെ ബീനയെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി എൻ.പി. പ്രേംദാസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പിയായിരുന്ന അബ്ദുൾ വഹാബ് .പി.എം ആണ് കുറ്റപത്രം നൽകിയത്.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന മറ്റൊരു കേസും ബീനയ്ക്കെതിരെ വിജിലൻസ് കോടതിയിൽ നിലവിലുണ്ട്. ഈ കേസിൽ വിചാരണ നടക്കുകയാണ്. വിജിലൻസിന് വേണ്ടി അഡീഷണൽ ലീഗൽ ഓഫീസർ ഒ.ശശി ഹാജരായി.