കോഴിക്കോട്: കക്കയത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ മുന്നേറ്റവും വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇല്ലിത്തോട്ടം പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ സാംബശിവ റാവു നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. അധികൃതർ കാര്യങ്ങൾ വിശദീകരിച്ചു. മൂന്ന് കോടി രൂപയുടെ വിശദമായ രൂപരേഖയാണ് സമർപ്പിച്ചത്. റസ്റ്റോറന്റ്, വർക്ക് ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ് എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളാണ് ഇല്ലിത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർമ്മിതി കേന്ദ്രയ്ക്കാണ് നിർമ്മാണ ചുമതല. ഡി.ടി.പി.സി സെക്രട്ടറി ബീന, എക്സിക്യുട്ടിവ് എൻജിനിയർ എം.കെ മനോജ്, പ്രോജക്ട് മാനേജർ കെ. മനോജ്, കെ.കെ ഉണ്ണികൃഷ്ണൻ, വി.ആർ. ഗാഥ എന്നിവർ യോഗത്തിൽ പങ്കെടുത്തു.