img202006
ചെറുവാടിയിൽ മണൽ കടത്തുകാരുടെ വഴി പൊലീസ് കല്ലിട്ട് അടയ്ക്കുന്നു

മുക്കം: ലോക്ക് ഡൗൺ നിയന്ത്രണത്തിനിടയിലും അനധികൃത മണലെടുപ്പ് വ്യാപകമായതോടെ നടപടി കടുപ്പിച്ച് പൊലീസ്. കൊടിയത്തൂർ ചെറുവാടിയിലെ രണ്ട് കടവുകളിലേക്കുള്ള വഴികൾ മുക്കം പൊലീസ് കല്ലിട്ട് അടച്ചു. ടിപ്പർ ലോറിയിൽ കല്ലുകളെത്തിച്ച് പുഴയിലേക്കുള്ള റോഡ് അടയ്ക്കുകയായിരുന്നു. മുക്കം സി.ഐ ബി.കെ.സിജു, സലിം മുട്ടത്ത്, ഉജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. പൊലീസിന്റെ കണ്ണുവെട്ടിച്ച് രാപ്പകൽ ഭേദമന്യേ വൻതോതിലാണ് ഈ ഭാഗങ്ങളിൽ നിന്ന് മണൽ കടത്തുന്നത്. രാത്രിയിൽ മണലെടുത്ത് പരിസരത്ത് എവിടെയെങ്കിലും ശേഖരിച്ച് വയ്ക്കുകയും പകൽ സമയം ചാക്കിലാക്കി ലോറിയിൽ കയറ്റി ദൂരസ്ഥലങ്ങളിൽ വൻ തുക ഈടാക്കി വിൽപ്പന നടത്തുകയുമാണ്. പൊലീസ് സ്റ്റേഷൻ പരിസരം മുതൽ കടവു വരെ ആളുകളെ നിർത്തി പൊലീസിന്റെ നീക്കം നിരീക്ഷിച്ചാണ് മണൽക്കടത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അനധികൃത മണൽക്കടത്ത് പിടികൂടുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.