sports
ചക്കിട്ടപാറയിൽ സ്റ്റേഡിയം കോംപ്ലക്‌സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കൊയിലാണ്ടി താലൂക്ക് സർവെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അളന്നു നിർണ്ണയിക്കുന്നു.

പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ സ്‌പോർട്‌സ് കോംപ്ലക്‌സ് തുടങ്ങാനുള്ള നടപടി ആരംഭിച്ചു. കൊവിഡ് കാരണം മാസങ്ങൾക്ക് ശേഷമാണ് ഇടപെടൽ ഉണ്ടായത്. സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ സ്ഥലവും ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള ജോലികൾ മാർച്ച് 22ന് ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിൽ അയവു വന്നതോടെ കഴിഞ്ഞ ദിവസം പ്രവർത്തനം പുന:രാരംഭിച്ചു.

മണ്ണിന്റെ ഉറപ്പ് നിശ്ചയിക്കാനുള്ള പരിശോധന നടത്തി. കൊയിലാണ്ടി താലൂക്ക് സർവെയർ കെ. മനോജൻ,​ അസിസ്റ്റന്റ് ബി. ലിപീഷ്, കെ.കെ പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ സർവെ പൂർത്തിയാക്കി. കൊച്ചിയിലെ കിറ്റ്‌കോയുടെ നേതൃത്വത്തിൽ ഡീറ്റെയിൽ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രത്യേക താത്പര്യത്തിലാണ് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മിക്കുന്നത്. ഒളിംപ്യൻ ജിൻസൺ ജോൺസൺ ഉൾപെടെ ഒട്ടേറെ കായിക താരങ്ങൾക്ക് ജന്മം നൽകിയ നാടാണ് ചക്കിട്ടപ്പാറ. സ്റ്റേഡിയം നിർമ്മാണത്തിനായി സ്ഥലം കൈമാറുന്നതിന് സമ്മതപത്രം ഭൂവുടമകൾ ഗ്രാമ പഞ്ചായത്തിന് കൈമാറി. കായിക വകുപ്പിന്റേയും സ്‌പോർട്‌സ് കൗൺസിലിന്റേയും സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കുക.

ഫണ്ട്

60 കോടി രൂപ

കിഫ്ബി

സമുച്ചയത്തിലെ സൗകര്യങ്ങൾ
സിന്തറ്റിക്ക് ട്രാക്ക്-400 മീറ്റർ

മൾട്ടിപ്പിൾ കോർട്ട്

ജിംനേഷ്യം

ഗ്യാലറി

റസ്റ്റ് റൂം

നീന്തൽക്കുളം

സ്‌പോർട്‌സ് ഹോസ്റ്റൽ