കോഴിക്കോട്: ലോക്ക്ഡൗൺ ഇളവുകൾ വന്നെങ്കിലും പുതിയ ബസ് സ്റ്റാൻഡിലെ പഴ കച്ചവടക്കാർ പ്രതിസന്ധിയിൽ.

കൊവിഡ് പശ്ചാത്തലത്തിൽ ഇവിടെ കച്ചവടം വേണ്ടെന്ന കോർപ്പറേഷന്റെ നിർദ്ദേശമാണ് വെല്ലുവിളിയായത്. ഇതോടെ പലരും ഉന്തുവണ്ടികളിൽ മാവൂർ റോഡ്, ടൗൺ ഹാൾ, കോർപ്പറേഷൻ പരിസരം എന്നിവിടങ്ങളിലേക്ക് കച്ചവടം മാറ്റി.

സ്റ്റാൻഡിന് പുറത്തെ ബസ് ബേക്ക് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിന് അടുത്തും സ്റ്റാൻഡിനുള്ളിലുമാണ് ഇവർ കച്ചവടം ചെയ്തിരുന്നത്. പ്രായമേറിയവർ അടക്കം എൺപതോളം പഴക്കച്ചവടക്കാരുണ്ട്. ബസുകൾ ഓടാൻ തുടങ്ങിയതോടെ സ്റ്റാൻഡിലെ മറ്റ് കച്ചവടക്കാരെല്ലാം കടകൾ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്ക് മഴ നനയേണ്ടി വരുന്നത്. ഇത് പകർച്ചവ്യാധികൾ പടരാനും ഇടയാക്കുമെന്നാണ് ആശങ്ക.

ഇത്തവണ കച്ചവടം പകുതിയായി കുറഞ്ഞെന്നും വ്യാപാരികൾ പറയുന്നു. വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയെങ്കിലും ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.