കോഴിക്കോട്: അനാഥാലയങ്ങളിലെ കുട്ടികളെ ബന്ധുക്കൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന കിൻഷിപ്പ്‌ ഫോസ്റ്റർ കെയർ പദ്ധതിയുമായി സർക്കാർ. 2017ൽ തുടങ്ങിയ സനാതന ബാല്യം പദ്ധതിയുടെ ഭാഗമായാണ് കിൻഷിപ്പ്‌ ഫോസ്റ്റർ കെയർ പദ്ധതിക്ക് വനിത-ശിശുക്ഷേമ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. കുട്ടികളുടെ ചെലവിലേക്കായി ബന്ധുക്കൾക്ക് നിശ്ചിത തുക മാസംതോറും നൽകും. കുട്ടികളുമായി അടുത്ത ബന്ധമുള്ള മുത്തശ്ശി-മുത്തച്ഛൻമാർ, അമ്മാവന്മാർ, അമ്മായിമാർ എന്നിവർക്ക് ഏറ്റെടുക്കാം. കുട്ടികളില്ലാത്തവർക്കും കുട്ടികളെ ഏറ്റെടുക്കാൻ അവസരമുണ്ട്.

ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ് അപേക്ഷ സ്വീകരിക്കുക. കുട്ടികളെയും ഏറ്റെടുക്കുന്നവരെയും കൗൺസലിംഗിന് വിധേയമാക്കി അപേക്ഷയിൻമേൽ പ്രത്യേക അന്വേഷണം നടത്തിയായിരിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ വിട്ടു നൽകുക.

ജില്ലയിലെ സ്‌പോൺസർഷിപ്പ്‌ ഫോസ്റ്റർ കെയർ അഡോപ്ഷൻ കമ്മിറ്റിയുടെയും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും ഉത്തരവിന്റെയും മറ്റ്‌ രേഖകളുടെയും അടിസ്ഥാനത്തിൽ സ്‌പോൺസർഷിപ്പ്‌ ഫോസ്റ്റർ കെയർ അപ്രൂവൽ കമ്മിറ്റിയാണ് കുട്ടികളുടെ ചെലവിലേക്കായി എത്ര തുക നൽകണമെന്ന് തീരുമാനിക്കുന്നത്. കുട്ടിയുടെയും വളർത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് ജില്ല ശിശു സംരക്ഷണ ഓഫീസർ തുക കൈമാറുക.

മൂന്ന് മാസത്തിലൊരിക്കൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വീട്ടിലും നാട്ടിലും അന്വേഷണം നടത്തുകയും തുക കുട്ടിയുടെ കാര്യത്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ കുട്ടികളുടെ പഠനവും ജീവിതവും നാല് മാസത്തിലൊരിക്കൽ പ്രത്യേകയോഗം വിളിച്ച് അവലോകനം നടത്തും. ജില്ലയിൽ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി ആരംഭിക്കുന്നത്.

14 ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതിന് 84 ലക്ഷം രൂപയുടെ ഭരണാനുമതിയായി. സംസ്ഥാനത്ത് ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത 817 സ്ഥാപനങ്ങളിൽ 25, 484 കുട്ടികളാണുള്ളത്.