കോഴിക്കോട്: ലോക്ക്ഡൗൺ മൂന്ന് മാസം പിന്നിട്ടതോടെ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരുടെ നില പരുങ്ങലിൽ. പല മേഖലയ്ക്കും ഇളവ് നൽകിയിട്ടും സർക്കാർ അനുകൂല സമീപനം കാട്ടാത്തതാണ് ജില്ലയിലെ ആയിരത്തോളം പേരെ പ്രതിസന്ധിയിലാക്കിയത്. അസംഘടിത മേഖലയായതിനാൽ ക്ഷേമനിധി സഹായവും ലഭിച്ചിട്ടില്ല. മറ്റ് വരുമാനവും നിലച്ചതോടെ പലരും പട്ടിണിയിലായിട്ടുണ്ട്.

പരിശീലകരിൽ ഏറെയും മദ്ധ്യ വയസ്കരായത് മറ്റൊരു ജോലി കിട്ടാനും തടസമാകുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്, കൊടുവള്ളി, പേരാമ്പ്ര, വടകര, കൊയിലാണ്ടി, നന്മണ്ട എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ധനസഹായം നൽകിയിരുന്നു. ഇതാണ് ഇക്കാലത്ത് ലഭിച്ച ഏക ആശ്വാസം.

മാസങ്ങളായി കയറ്റിയിട്ട വാഹനങ്ങൾ നിരത്തിലിറക്കാൻ അറ്റകുറ്രപ്പണിയ്ക്കായി പതിനായിരങ്ങൾ വേണ്ടി വരും. ഇത് എങ്ങനെ കണ്ടെത്തുമെന്നതും ആശങ്കപ്പെടുത്തുന്നു.

ജില്ലയിൽ രണ്ടായിരത്തോളം ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ ലേണേഴ്‌സ് കഴിഞ്ഞവർ അഞ്ഞൂറോളം വരും. പരിശീലനം നൽകാനായില്ലെങ്കിൽ ഇവരുടെ അപേക്ഷകൾ റദ്ദാകും.


ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് പരീശിലിപ്പിക്കാൻ അനുമതി നൽകണം. ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്.

അഷറഫ് നരിമുക്കിൽ

സംസ്ഥാന സെക്രട്ടറി, ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ ആൻഡ് ഇൻസ്പെക്ടേഴ്സ്

ആവശ്യങ്ങൾ

ഡ്രൈവിംഗ് സ്‌കൂളിന് പ്രവർത്തന അനുമതി
ടെസ്റ്റുകൾ പുനരാരംഭിക്കൽ
ഡ്രൈവിംഗ് സ്‌കൂൾ മേഖലക്ക് ആശ്വാസ പാക്കേജ്
തൊഴിലാളികൾക്ക് ക്ഷേമനിധി

ഡ്രൈവിംഗ് സ്‌കൂളുകൾ

കേരളത്തിൽ-4500

ജീവനക്കാർ- 13500

കോഴിക്കോട്- 300

ജീവനക്കാർ 900