സുൽത്താൻ ബത്തേരി: ഈസ്റ്റ് ചീരാൽ, വരിക്കേരി, പാട്ടത്ത്, പൂമറ്റം, കമ്പകൊടി, പുതുശേരി, അയനിപ്പുര, കുണ്ടൂർ, നമ്പ്യാർകുന്ന്, കാപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ
കാട്ടാനശല്യം രൂക്ഷമായി. വൈകുന്നേരുമായാൽ ഈ പ്രദേശങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം പുളിയാമക്കൽ ജോയ്, മണ്ണിൽ രാജൻ, വരിക്കേരി കുഞ്ഞിരാമൻ, പാട്ടത്ത് വിജയൻ, ചിറക്കര കുഞ്ഞുമോൻ, പി.ആർ.ഉഷ, വി.സന്തോഷ്, എ.വിശ്വനാഥൻ
തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങിയ ആനകൾ
കൃഷി പൂർണ്ണമായി നശിപ്പിച്ചു.
ഏതാനും ദിവസം മുമ്പാണു പ്ലസ് 2 വിദ്യാർത്ഥി നിഖിലിനെ
ആന ആക്രമിച്ചത്. നിഖിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുക്കി ടൌൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടിൽ നിന്നിറങ്ങുന്ന ആന ആളുകൾക്കും കൃഷിക്കും ഭീഷണിയായിരിക്കുകയാണ്.
പ്രശനത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വനംവകുപ്പിന് തിടുക്കം കർഷകനെ ജയിലിലടയ്ക്കാൻ
സുൽത്താൻ ബത്തേരി: ചീരാൽ, ഈസ്റ്റ് ചീരാൽ, നമ്പ്യാർകുന്ന്, മുണ്ടകൊല്ലി, പഴൂർ തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗ
ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന് കാർഷിക പുരോഗമന സമിതി ചീരാൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ താത്കാലിക നടപടി സ്വീകരിക്കാൻ പോലും വനംവകുപ്പ് തയ്യാറാകുന്നില്ല.
ജാഗ്രത സമിതിയോ, ആക്ഷൻ കമ്മിറ്റിയോ വിളിക്കുന്നതിനും വനംവകുപ്പിന് താൽപര്യമില്ല.
കാടൻകൊല്ലി മുതൽ കാപ്പാട് വരെ 18 കിലോമീറ്റർ പ്രതിരോധ സംവിധാനം ഏർപ്പെടുത്താൻ വനംവകുപ്പിന് നൽകിയ നിർദ്ദേശം ഫയലിൽ ഉറങ്ങുകയാണ്. അതേസമയം
ഏതെങ്കിലും കർഷകന്റെ കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കുടുങ്ങിയാൽ പെട്ടെന്ന് നടപടി സ്വീകരിച്ച് കർഷകനെ ജയിലിൽ അടയ്ക്കും.
കാടൻ കൊല്ലി മുതൽ കാപ്പാട് വരെ പ്രതിരോധസംവിധാനം നടപ്പിലാക്കുക, ഇരയാവുന്ന കർഷകന് മതിയായ നഷ്ടപരിഹാരം നൽകുക, കർഷകരെ കള്ളക്കേസിൽ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാർഷിക പുരോഗമന സമിതി ജൂലൈ 2 വ്യാഴാഴ്ച പഴൂർ ഫോറസ്രറ് ഓഫീസിനു മുന്നിൽ സമരം നടത്തും.
യോഗത്തിൽ വി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.
ജില്ല ചെയർമാൻ ഡോ. പി..ലക്ഷ്മണൻ, കണ്ണിവട്ടം കേശവൻ ചെട്ടി, കെ.ഒ.ഷിബു, പി.ഷണ്മുഖൻ അനീഷ് ചീരാൽ, വി.എ.അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
..........
കഴിഞ്ഞ ദിവസം ഈസ്റ്റ് ചീരാൽ വരിക്കേരിയിൽ
ആന നശിപ്പിച്ച വി.കുഞ്ഞിരാമന്റെ കൃഷിയിടം