കൽപ്പറ്റ: ജില്ലയിലെ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സമ്പർക്കത്തിലുള്ള കൊവിഡ് വ്യാപനം ജില്ലയിൽ കുറവാണെങ്കിലും വരും ദിവസങ്ങളിൽ വർദ്ധിക്കുന്നതിനുള്ള സാധ്യത മുൻനിർത്തി ഒരുക്കിയിട്ടുളള കരുതൽ നടപടികളാണ് അവലോകനം ചെയ്തത്.
വിവിധ രാജ്യങ്ങളിൽ നിന്നായി ജില്ലയിൽ തിരിച്ചെത്തുന്ന പ്രവാസികളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ സൗകര്യമുള്ളവരെ കണ്ടെത്തുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പണം നൽകാൻ സാമ്പത്തികശേഷിയുള്ളവർ അതിന് തയ്യാറാകണമെന്നും യോഗം നിർദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക തുടങ്ങിയവർ പങ്കെടുത്തു.