പ്രത്യേകിച്ച് മുഖവുര ആവശ്യമില്ലാത്ത ഒരു അഭിഭാഷകനുണ്ട് ഇവിടെ; ബാബു ബെനഡിക്ട്. ആരോട് ചോദിച്ചാലും അത് നമ്മുടെ എം.എ.സി.ടി വക്കീലല്ലേ എന്ന് ക്ഷണനേരം കൊണ്ട് മറുചോദ്യം വരുംവിധം ഏറെ സുപരിചിതൻ. മോട്ടോർ വാഹന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനത്തെ നമ്പർ 1 അഭിഭാഷകൻ. ഏറ്റെടുക്കുന്ന കേസുകളിൽ കക്ഷികളെ നിരാശരാക്കാതെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ വക്കീൽ കോടതിയ്ക്കകത്തെന്ന പോലെ പുറത്തുള്ള സെറ്റിൽമെന്റിലും കാട്ടുന്ന ആ മിടുക്കിന് പിന്നിൽ കഷ്ടതകളോട് പൊരുതി നേടിയ ജീവിതകഥയിലെ കരുത്തുണ്ട്. പഠിക്കേണ്ടതും പകർത്താവുന്നതുമായ ജീവിതപാഠം.കണ്ണൂരിൽ ഇരിട്ടിയ്ക്കടുത്ത് മലയോര ഗ്രാമമായ എടൂരിൽ കുടിയേറ്റ കർഷകൻ പാംബ്ലാനി തറവാട്ടിൽ ബെനഡിക്ടിന്റെയും കുടക്കച്ചിറ തറവാട്ടിൽ അച്ചാമ്മയുടെയും 11 മക്കളിൽ നാലാമനായി 1960-ലാണ് ബാബു ബെനഡിക്ടിന്റെ ജനനം. മണ്ണിനോട് മല്ലിട്ട് ജീവിതം പടുക്കുകയായിരുന്നു കഠിനാദ്ധ്വാനിയായ പിതാവ്. കുടുംബത്തിന്റെ പരിമിതമായ വരുമാനത്തിൽ മക്കളുടെ ബാല്യം അത്രയൊന്നും നിറച്ചാർത്തുള്ളതായിരുന്നില്ല. പഠനം ഇടയ്ക്ക് മുറിഞ്ഞുപോയെങ്കിലും ബാബു അത് തുന്നിച്ചേർത്തു. പ്രീഡിഗ്രിയും ഡിഗ്രിയും ബിരുദം കഴിഞ്ഞ് റാങ്കോടെയാണ് എൽ.എൽ.ബി ബിരുദം നേടിയത്. മുപ്പതാണ്ട് പിന്നിടുന്ന അഭിഭാഷക ജീവിതത്തിന്റെ വിജയരഹസ്യം തേടുന്നവർക്ക് ചെറുചിരി വിടരുന്ന ആ മുഖത്ത് തെളിഞ്ഞുകിട്ടും മറുപടി; ജീവിതത്തിലെ സത്യസന്ധത, കർമ്മരംഗത്തെ കൃത്യനിഷ്ഠത അതുമാത്രം.
@ ബാല്യവും വിദ്യാഭ്യാസവും
എടൂരിലെത്തി പാംബ്ലാനി തറവാട് അന്വേഷിച്ചാൽ ഇന്ന് ഒട്ടും വലയേണ്ടി വരില്ല. അത്രകണ്ട് വേരുകളുണ്ട് ബാബു ബെനഡിക്ടിന്റെ കുടുംബത്തിന്. എന്നാൽ അറുപതുകളുടെ തുടക്കത്തിൽ തറവാടിന്റെ തൊടികളിൽ പച്ചപ്പിന്റെ തളിർ കിളിർത്തു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. 10 സഹോദരങ്ങൾക്കൊപ്പം ബാബു കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ മനസിൽ ഒളിപ്പിച്ചു നടന്നിരുന്ന കാലം. ബാബു ബെനഡിക്ടിന് ഒൻപതു വയസുള്ളപ്പോഴാണ് അമ്മയുടെ മരണം. അന്ന് കോളിക്കടവിന് പാലം ഉണ്ടായിരുന്നില്ല. തോണിക്കാർ കനിയണം അക്കരെയത്താൻ. അമ്മയാണെങ്കിൽ പ്രസവവേദനകൊണ്ട് പുളയുന്നു. കടവുകാരൻ ഇല്ലതാനും. ഒരു വിധത്തിൽ ആരെല്ലാമോ ചേർന്ന് ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വല്ലാതെയായിരുന്നു. അവിടെ നിന്ന് ഉടൻ മെഡിക്കൽ കോളേജിലേക്ക്. എന്നാൽ വഴിമദ്ധ്യേ അമ്മ കണ്ണടച്ചു.
അമ്മയുടെ സ്നേഹം ഇല്ലാതായിട്ട് ഇന്നത്തേക്ക് 50 വർഷം തികയുകയാണ്.
പ്രയാസങ്ങൾ നിറഞ്ഞ നാളുകളിലും ബെനഡിക്ട് മക്കളുടെ വിദ്യാഭ്യാസം മുടക്കിയില്ല. എടൂർ സെന്റ് മേരീസ് സ്കൂളിൽ 10 വരെ ബാബു ബെനഡിക്ട് പഠിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും ഉരുക്കിച്ചേർക്കാനുളള അച്ഛന്റെ വിയർപ്പൊഴുക്കൽ ബാബുവിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഔപചാരിക പഠനം അതോടെ അവസാനിച്ചു. ശ്രീകണ്ഠാപുരം ലിനി ആശുപത്രിയിൽ താത്കാലിക ജോലി കിട്ടിയെങ്കിലും പഠിക്കണമെന്ന മോഹം ബാബുവിന്റെ ഉള്ളിൽ കിടന്നുപിടഞ്ഞു. ഒടുവിൽ ആശുപത്രിയിൽ നിന്ന് കിട്ടിയ വരുമാനം സ്വരൂപിച്ച് പാരലൽ കോളേജിൽ ചേർന്ന് പ്രീഡിഗ്രിയും ഡിഗ്രിയും വിജയിച്ചു.
@ തൊഴിൽ തേടി യാത്ര
ബികോം ബിരുദം നേടിയ അഭിമാനത്തോടെ തൊഴിൽ തേടി ബോംബയിലേക്ക് യാത്ര. എന്നാൽ മലയാളം മാത്രം വശമുണ്ടായിരുന്ന ബാബു ബെനഡിക്ടിന് നിരാശയുടെ 12 ദിനരാത്രങ്ങളായിരുന്നു മഹാനഗരം സമ്മാനിച്ചത്. അവർക്ക് ബിരുദമോ സർട്ടിഫിക്കറ്റിന്റെ എണ്ണമോ ആയിരുന്നില്ല പ്രധാനം. ഹിന്ദിയും മറാത്തിയും നന്നായി സംസാരിക്കണം. തിരിച്ചു നാട്ടിലേക്ക് ബസ് കയറി. 1980ൽ കോഴിക്കോട്ടെ ഇളയമ്മ ഡോ. ലില്ലിയുടെ അടുത്തെത്തി. അവരുടെ മക്കൾ അന്ന് പ്രസന്റേഷൻ സ്കൂളിൽ പഠിക്കുകയായിരുന്നു. അവർക്ക് ട്യൂഷനെടുത്ത് കഴിഞ്ഞുകൂടി. കുട്ടികൾ സ്കൂളിൽ പോയാൽ പകലൊന്നും ചെയ്യാനില്ല. വെറുതെ ഇരിക്കാൻ മനസു വന്നില്ല. ജോലി തേടി പുറത്തിറങ്ങി. ഈ സമയത്താണ് എം.എം എന്റർപ്രൈസസിൽ സെയിൽസ്മാനെ എടുക്കുന്നതറിഞ്ഞത്. വെൽഡിംഗ് സിലിൻഡറും വെൽഡിംഗ് റോഡുകളും കയറ്റി അയച്ചിരുന്ന കടയായിരുന്നു. 12 രൂപ ശമ്പളം. രാത്രിയിൽ ലോഡ് കയറ്റിയാൽ ഒരു സിലിൻഡറിന് ഒരു രൂപ നിരക്കിൽ കിട്ടും. ആദ്യമൊക്കെ 12 സിലിണ്ടർ വരെ ലോറിയിൽ കയറ്റിയതായി ബാബു ബെനഡിക്ട് ഓർക്കുന്നു. ഇതിനിടെ കെ.ആർ.എസിൽ ക്ലാർക്കായി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് മാറി. പിന്നീട് മെഡിക്കൽ റപ്രസന്റേറ്റീവായും ജോലിയെടുത്തു. നാലു കമ്പനികളിൽ മാറി മാറിയുള്ള ജോലി മരുന്നുകളെ കുറിച്ച് ധാരണയുണ്ടാക്കാൻ സഹായമായി. ഭാഗ്യം കൊണ്ട് വിതരണം ചെയ്യുന്ന മരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിക്കാൻ കഴിഞ്ഞത് ജോലിയിൽ വഴിത്തിരിവായി. ലീഡിംഗ് മെഡിക്കൽ റപ്രസന്റേറ്റീവ് എന്ന സൽപേരോടെ മംഗലാപുരത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തിരുന്നു.
@ ആതുരാലയത്തിൽ നിന്ന് നിയമ പഠനത്തിലേക്ക്
മംഗലാപുരത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനി യിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി 1984ലാണ് എത്തുന്നത്.
വൈകാതെ യൂണിറ്റി ഹെൽത്ത് കോപ്ലക്സ് ആശുപത്രിയിലേക്ക് ജോലി മാറ്റം. നാടുമാറി തൊഴിൽ തേടിയതിന്റെ കയ്പ്പേറിയ അനുഭവം മുന്നിലുണ്ടെങ്കിലും എൽ.എൽ.ബി പഠിക്കണമെന്ന ചിന്ത യാത്രയ്ക്ക് ഊർജ്ജമായി.
എസ്.ഡി.എം ലോ കോളേജിൽ ചേർന്നു. രാവിലെ 7 മണി മുതൽ 9.30 വരെയായിരുന്നു ക്ലാസ്. അതിനാൽ പഠനവും ജോലിയും മുടങ്ങാതെ പോയി. ക്ഷുഭിതയൗവനം ഒറ്റമുറിയിൽ തളച്ചിടുന്നതിന്റെ വ്യാകുലതകൾ ഇടയ്ക്കിടെ അലട്ടിയെങ്കിലും ലക്ഷ്യം കൂടുതൽ കർമ്മനിരതനാക്കി. ഒടുവിൽ എൽ.എൽ.ബി ബിരുദം.
@ ലീഡിംഗ് അഭിഭാഷ കനിലേക്ക്
എൽ.എൽ.ബി പാസായ ഉടനെ പ്രാക്ടീസിനായി കോഴിക്കോട്ടെത്തി. ഡോ.എൻ.ജെ.മാണിയുടെ വീട്ടിലായിരുന്നു താമസം. എൻറോൾ ചെയ്യുന്നതിന് മുമ്പു തന്നെ ടാക്സിൽ 'ഹരിശ്രീ' കുറിച്ചു. രഘുനാഥ് ആൻഡ് അസോസിയേറ്റ്സിൽ മൂന്നുമാസം. എൻറോൾ ചെയ്ത് കോട്ടിട്ടതോടെ ക്രിമിനലും സിവിലുമായി കേസുകൾ കൈകാര്യം ചെയ്തു തുടങ്ങി. ഇടവേളയിൽ അദ്ധ്യാപകവേഷവും അണിഞ്ഞു. കാലിക്കറ്റ് കോളേജ് ഓഫ് കൊമേഴ്സിൽ പഠിപ്പിച്ചു. എന്നാൽ അധികകാലം തുടർന്നില്ല. ശശിധരൻ കൊളത്തായിയുടെ കൂടെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ്വന്തമായി ഓഫീസ് തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ 1988ൽ കോഴിക്കോട് ചെറൂട്ടി റോഡിൽ ഹോട്ടൽ നളന്ദയ്ക്ക് സമീപം കുമ്മാട്ടി ബിൽഡിംഗിൽ ബാബു ബെനഡിക്ട് ആൻഡ് അസോസിയേറ്റ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ക്രിമിനൽ - സിവിൽ കേസുകൾ കൈകാര്യം ചെയ്തിരുന്നെങ്കിലും പിന്നീട് മോട്ടോർ വാഹന കേസുകളിൽ മാത്രം ശ്രദ്ധയൂന്നി. അമേരിക്കയിൽ മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് വക്കീലായ അമ്മാവന്റെ സ്വാധീനം ഇതിലേക്ക് തിരിഞ്ഞതിനി പിന്നിലുണ്ടെന്ന് അഡ്വ.ബാബു പറയുന്നു. 27 വർഷമായി എം.എ.സി.ടി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ് ബാബു ബെനഡിക്ട്. വർഷത്തിൽ ശരാശരി 1500 ലധികം കേസുകൾ. ഈ എണ്ണം കേട്ട് അത്ഭുതത്തോടെ ചോദിക്കുമ്പോൾ ചിരിയിൽ തെളിയുന്നത് എളിമയുടെ നറുനിലാവ്. കോഴിക്കോടിന് പുറമെ മഞ്ചേരി, തിരൂർ, വടകര, വയനാട് (കൽപ്പറ്റ) എന്നിവിടങ്ങളിലും ബാബു ബെനഡിക്ട് ആൻഡ് അസോസിയേറ്റ്സിന് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. 9 ജൂനിയർ അഭിഭാഷകർ ഇദ്ദേഹത്തിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നു.
@ രാഷ്ട്രീയത്തിലും ഒരു കൈ
കേരള കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് (കോഴിക്കോട് ജില്ലാ വർത്തക മണ്ഡലം )പ്രസിഡന്റായും പ്രവർത്തിക്കുന്നു. കത്തോലിക്കാ യൂത്ത് മൂവ്മെന്റിന്റെ മുൻ പ്രസിഡന്റാണ്.
@ കുടുംബം
കോഴിക്കോട് ബൈപാസിൽ പുതിയറയിൽ താമസം. ഭാര്യ സീന. ലണ്ടൻ സ്കൂൾ ഒാഫ് മേക്കപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബ്യൂട്ടീഷൻ കോഴ്സ് പൂർത്തിയാക്കി. ന്യൂയോർക്കിൽ ബ്യൂട്ടീഷൻമാരുടെ ശിൽപ്പശാലയിൽ പങ്കെടുത്തു. പുതിയറയിൽ ഇമേജ് ബ്യൂട്ടി പാർലർ നടത്തുകയാണ്. മകൻ സബിൻ ബാബു അഭിഭാഷകനാണ്. നേരത്തെ ഹൈക്കോടതിയിലായിരുന്നു. ഇപ്പോൾ കോഴിക്കോട്ട് ബാബു ബെനഡിക്ട് ആൻഡ് അസോസിയേറ്റ്സിൽ തന്നെ. മരുമകൾ ദിവ്യാ സോണി. മകൾ ശബ്നം ബാബു ഓസ്ട്രേലിയയിൽ നിന്ന് എം.ബി.എ കഴിഞ്ഞു.