കോഴിക്കോട്: വിവാഹങ്ങളും ആഘോഷങ്ങളും കൊവിഡ് കവർന്നതോടെ പ്രതിസന്ധിയെ അതിജീവിക്കാനാവാതെ കാറ്ററിംഗ് യൂണിറ്റുകൾ. ലോക്ക് ഡൗൺ ഇളവുകൾ ബാധകമാകാത്തതും ഇവർക്ക് തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് തുടങ്ങാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് രണ്ട് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

കേരളത്തിൽ 1, 200 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് -176, തൃശൂർ -600, എറണാകുളം -475, കോട്ടയം -300. ഇതിനുപുറമെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൂവായിരത്തോളം യൂണിറ്റുകൾ വേറെയുമുണ്ട്. മാസത്തിൽ 300 കോടിയോളം വരുമാനം നേടിയ ഈ മേഖല ഇപ്പോൾ 1200 കോടിയുടെ നഷ്ടത്തിലാണ്. ഒന്നര ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. ബുക്കിംഗ് പലതും റദ്ദായതോടെ അഡ്വാൻസ് തുക തിരികെ നൽകാൻ കഴിയാത്ത അവസ്ഥയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാര്യമായി വരുമാനം നേടി തരുന്ന വിവാഹം, യാത്രയയപ്പ്, ഉത്സവങ്ങൾ എന്നിവ ചടങ്ങുകൾ മാത്രമായി. പലതും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരവധി ഓർഡറുകളാണ് ഇല്ലാതായത്. ലോണെടുത്തും മറ്റും സ്ഥാപനം നടത്തുന്നവരാണ് ഏറെയും. സർക്കാരിന്റെ ഭാഗത്തു നിന്ന് ആശ്വാസ നടപടികളുണ്ടായാൽ പിടിച്ചു നിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ .

@ ആവശ്യങ്ങൾ

1. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പാക്കേജുകളിൽ കാറ്ററിംഗ് മേഖലയെ പരിഗണിക്കണം

2 .അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം .

3 . പത്തുലക്ഷം രൂപ വരെ സ്വന്തം ജാമ്യത്തിൽ ലോൺ അനുവദിക്കുക

4. വാട്ടർ , വൈദ്യുതി ബില്ലുകൾക്ക് ന്യായമായ ഇളവുകൾ അനുവദിക്കുക

5.ആറുമാസത്തേക്ക് പലിശയില്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കുക

6. ലൈസൻസ് പുതുക്കാൻ സമയം നൽകുക

" ഇത്തവണ പത്ത് ശതമാനം പോലും ബിസിനസ് ഉണ്ടായിട്ടില്ല. എല്ലാം മേഖലയിലും ഇളവുകൾ അനുവദിക്കുമ്പോൾ ഞങ്ങളെ മാറ്റി നിർത്തിയതിൽ പ്രതിഷേധമുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം"- പ്രിൻസ് ജോർജ് (സംസ്ഥാന പ്രസിഡന്റ് , ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ )