കോഴിക്കോട്: സ്വാശ്രയ കോളേജ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കേരള അൺഎയ്ഡഡ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് സ്വാശ്രയ മേഖലയിലാണ്. ഈ മേഖലയിൽ പതിനായിരം രൂപയിൽ താഴെയാണ് പല ജീവനക്കാരുടെയും ശമ്പളം. വർദ്ധനവ് ആവശ്യപ്പെടുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പ്രവണതയാണ് പല സ്ഥാപനങ്ങളിലും.
അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 30,000 രൂപയും അനദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയുമാക്കി നിജപ്പെടുത്തി സർക്കാർ നിയമനിർമ്മാണം നടത്തണം. ശമ്പളത്തിന് പുറമെ മറ്റാനുകൂല്യങ്ങൾക്കു കൂടിയുള്ള വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു.
യോഗത്തിൽ ജില്ലാ ചെയർമാൻ സലീം കായക്കൊടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷാഫി പുൽപ്പാറ, ആസിഫ് കലാം, അനീഷ് കക്കോടി, വി.എം.അമൃത, ടി.ടി.അഷൂറ ബാനു, നംഷിദ് പുതുപ്പാടി എന്നിവർ സംസാരിച്ചു.