കുറ്റ്യാടി: കൊവിഡിൽ പലരും വീട്ടിൽ ലോക്കായപ്പോൾ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കളളാട് കുഞ്ഞിപ്പറമ്പത്ത് ജാസ്മിൻ ഫായിസ് രുചിയൂറുന്ന കേക്ക് നിർമ്മാണത്തിന്റെ തിരക്കിലാണ്. ഒന്നര വർഷം മുമ്പ് തോന്നിയ ആശയമാണ് വീട്ടിൽ തന്നെ ഒരു ബിസിനസ് ആരംഭിക്കുകയെന്നത്. കുട്ടിക്കാലംതൊട്ടേ ഉമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മനസ്സിലുള്ളതിനാൽ ബിസിനസ് ഭക്ഷ്യവസ്തുതന്നെയാവട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെയാണ് കേക്ക് നിർമ്മാണത്തിലേക്ക് തിരിയുന്നത്. കുടുംബത്തിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ആവേശമായി. തലശ്ശേരി, കോഴിക്കോട് ടൗണുകളിൽ നിന്നാണ് കേക്ക് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. വാട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ നൂറ് കണക്കിനാളുകളാണ് ജാസ്മിന്റെ " ജാസ് " ഹോം മെയ്ഡ് കേക്കുകൾ തേടിയെത്തുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചാണ് കേക്ക് വിൽപ്പന. ബ്ലാക്ക് ഫോറസ്റ്റ്, നട്ടി ബബിൾ, ഡോൾ കേക്ക്, ടെൻഡർ കോക്കനട്ട്, ഫെറോ റോച്ചർ, ഓറിയോ കേക്ക്, കടകളിൽ സാധാരണമല്ലാത്ത നോൺ ആൽക്കഹോൾ കേക്ക്, കുനാഫ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയെന്ന് ജാസ്മിൻ പറയുന്നു. ഗുണനിലവാരം മുൻനിർത്തി സർക്കാരിന്റെ അംഗീകാരവുമുണ്ട്. കേക്ക് നിർമ്മാണത്തിന് പുറമെ കൃഷിയിലും പൂന്തോട്ട നിർമ്മാണത്തിലും ജാസ്മിൻ മാതൃകയാണ്. പപ്പായ, റംബൂട്ടാൻ, ചിക്കു, മാംഗോസ്റ്റിൻ എന്നിവയെല്ലാം ഇവരുടെ ശേഖരത്തിലുണ്ട്.
ഭർത്താവ് ഫായിസ് ബഹ്റൈനിൽ ബിസിനസുകാരനാണ്. മകൻ അജ്‌വദ്.