കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലാസീമിയ രോഗി കണ്ണഞ്ചേരി സ്വദേശി നസീമ നിവാസിൽ ലിബ മറിയം (25) മരിച്ചത് വിദഗ്ദ്ധ ഹെമറ്റോളജി പരിചരണം ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോപണം.

ഹെമറ്റോളജി വാർഡിൽ രക്തം സ്വീകരിക്കാനെത്തിയ ലിബയെ പിന്നീട് അവിടെ നിന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
വിദഗ്ദ്ധ ഹെമറ്റോളജി പരിചരണവും ജീവൻരക്ഷാ മരുന്നുകളും ലഭിച്ചാൽ തലാസീമിയ രോഗികൾക്ക് കൂടുതൽ കാലം ജീവൻ നിലനിറുത്താൻ സാധിക്കും. രോഗികൾക്ക് 18 വയസ്സ് വരെ മാത്രമേ ജീവൻരക്ഷാമരുന്ന് നൽകുന്നുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്.
ലിബയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും അനാഥമായ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.