g
അമ്പലവയലിലെ വീട്ടുമുറ്റത്ത് അമ്പെയ്ത്ത് പരിശീലിപ്പിക്കുന്ന ഗോവിന്ദൻ

അമ്പലവയൽ: അമ്പെയ്ത്ത് പഠിയ്ക്കാൻ വിദേശികളടക്കം തേടിയെത്തുന്ന ഒരു ദ്രോണാചാര്യരുണ്ട് അമ്പലവയലിൽ; ആയിരംകൊല്ലിയിലെ ഗോവിന്ദൻ.

ടൂറിസം വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കാറുള്ള ട്രാവൽ മാർട്ടിൽ എപ്പോഴും ശ്രദ്ധാകേന്ദ്രമാണ് ഇദ്ദേഹം.

നായാട്ടിൽ കേമന്മാരായ മുള്ളു കുറുമ ഗോത്രത്തിൽ പിറന്ന ഗോവിന്ദൻ അമ്പെയ്ത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയത് അച്ഛൻ മാധവനിൽ നിന്നാണ്. നായാട്ട് നിരോധിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും കുട്ടിക്കാലത്തെ ഓർമ്മകൾ ഗോവിന്ദന്റെ മനസ്സിലിന്നും മായാതെയുണ്ട്.

അമ്പുകൾ രണ്ട് തരമാണ്; കത്തിയമ്പും മൊട്ടമ്പും. വലിയ മൃഗങ്ങളെ വേട്ടയാടാനുപയോഗിച്ചിരുന്ന, കത്തി പോലെ മൂർച്ചയുള്ളതാണ് കത്തിയമ്പ്. പഴയ കാലത്ത് ഊരാളി കുറുമരായിരുന്നു ഇരുമ്പുപയോഗിച്ച് കത്തിയമ്പുകൾ നിർമ്മിച്ചിരുന്നത്. അറ്റം ഉരുണ്ടിരിയ്ക്കുന്ന മൊട്ടമ്പ് പക്ഷികളെ പിടിയ്ക്കാനുള്ളതാണ്. മുള കൊണ്ടാണ് വില്ലുണ്ടാക്കുന്നത്. അമ്പിന്റെ ഗതി നിയന്ത്രിയ്ക്കുന്നത് ഈറ്റയിൽ ഒട്ടിച്ച തൂവൽ കഷ്ണങ്ങളും. പണ്ടൊക്കെ കഴുകന്റെ തൂവലായിരുന്നു ഉപയോഗിച്ചിരിന്നത്. ഏത് കാട്ടിലാണ് മുഗമുള്ളതെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസ്സിലാക്കുന്ന അച്ഛൻ, സംഘത്തിലെ കുറച്ച് പേരെ കാടിളക്കാനയയ്ക്കും. മൃഗങ്ങൾ ഓടി വരാൻ സാദ്ധ്യതയുള്ള "കടവ്" എന്ന് വിളിയ്ക്കുന്ന വഴി ലക്ഷ്യമാക്കി ഒന്ന് രണ്ട് പേരുണ്ടാവും. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മൃഗങ്ങളെ ഓടിയ്ക്കുന്നതിനെ ''തേട്ടം" വിളിയ്ക്കുകയെന്നാണിവരുടെ മൊഴി. തേട്ടം വിളിയ്ക്കുന്നതോടെ കടവിലേയ്ക്കോടുന്ന മൃഗത്തിന് ഒരു വിൽപ്പാട് ദൂരത്തിൽ മൂന്ന് അമ്പെയ്യണമെന്നാണ് കണക്ക്. മൂന്നിലൊന്നിൽ അത് വീണിരിയ്ക്കും. അച്ഛൻ പകർന്നേകിയ വിദ്യയും അറിവും പുതുതലമുറയ്ക്ക് കൈമാറുകയാണ് ഗോവിന്ദൻ. പക്ഷെ, അത് മൃഗങ്ങളെ വേട്ടയാടനല്ല; കായിക ഭൂപടത്തിൽ നമ്മുടെ നാടിന്റെ അഭിമാനം ഉയർത്തിപ്പിടിയ്ക്കാൻ.