കോഴിക്കോട്: ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നീതി മെഡിക്കൽ ഫാർമസിയും മെഡിക്കൽ ലാബും ആരംഭിക്കുന്നു.
നാദാപുരം റോഡിൽ 'മടിത്തട്ട് " വയോജന പരിപാലന കേന്ദ്രത്തോട് ചേർന്ന് ആരംഭിക്കുന്ന ഫാർമസിയും ലാബും ഇന്ന് രാവിലെ ഒമ്പതിന് വടകര എം.എൽ.എ സി. കെ. നാണു ഉദ്ഘാടനം ചെയ്യും. ലാബ് പരിശോധനകൾക്ക് മിതമായ നിരക്കാണ് ഈടാക്കുക. 13 ശതമാനം മുതൽ കിഴിവിൽ മരുന്നുകൾ ലഭിക്കും.

കാരക്കാട് ആത്മവിദ്യാസംഘവും യു.എൽ.സി.സി.എസ്സും സംയുക്തമായി നടത്തുന്ന മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിൽ നാൽപ്പതോളം വയോജനങ്ങളുടെ ശാരീരിക-മാനസികാരോഗ്യം ലക്ഷ്യമിട്ട് രണ്ടു വർഷമായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്ക് മരുന്നുകളും പരിശോധനകളും തികച്ചും സൗജന്യമാണ്. മടിത്തട്ടിന്റെ നേതൃത്വത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2500ഓളം വയോജനങ്ങൾക്ക് വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകിവരുന്നു.