വടകര: കൊവിഡിൽ നാടാകെ വിറങ്ങലിച്ചുനിൽക്കുമ്പോഴും ഏറാമല ആദിയൂരിലെ സാമൂഹ്യക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിൽ രാത്രികാല സേവനമില്ല. ആഴ്ചയിൽ മൂന്നു ദിവസം ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നഴ്സ് എത്തി കുത്തിവയ്പ്പ് ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും രാത്രികാലം ആരോഗ്യകേന്ദ്രം അടഞ്ഞുകിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ഗർഭിണികൾക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ജീവിതശൈലീ രോഗ പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയവ ഉപകേന്ദ്രത്തിൽ നടക്കുന്നുണ്ട്. എന്നാൽ സ്വന്തമായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിട്ടും കൊവിഡ് കാലത്തുപോലും പൂർണസമയ ജീവനക്കാരെ നിയമിക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും തയ്യാറാവുന്നില്ല.
ഓർക്കാട്ടേരി ഹൈസ്കൂൾ പരിസരത്തായി നേരത്തെ തന്നെ ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടമുണ്ടായിരുന്നു. 2005ൽ കെട്ടിടം പുതുക്കി പണിത് വയറിംഗ് ജോലിയെല്ലാം പൂർത്തിയാക്കിയെങ്കിലും വൈദ്യുതിയെത്തിക്കാൻ അധികൃതർ തയ്യാറായില്ല. വെളിച്ചമില്ലാത്തതിനാൽ രാത്രി സേവനം ചെയ്യാൻ ജീവനക്കാരും മടിച്ചു. ആരോഗ്യകേന്ദ്രത്തിന് വൈദ്യുതി കണക്ഷൻ നൽകേണ്ട കാര്യം കെട്ടിടം പുതുക്കിപണിതകാലം മുതൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ പതിനഞ്ച് വർഷമായിട്ടും ഏറാമല പഞ്ചായത്ത് അക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആരോഗ്യ ഉപകേന്ദ്രത്തിൽ രാത്രി ചികിത്സയില്ലാത്തതിനാൽ
നിസാര അസുഖങ്ങൾക്കുപോലും ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.