കോഴിക്കോട്: കേരളത്തിലെ കൃഷി ഭൂമി അഞ്ച് കാർഷിക, പരിസ്ഥിതി മേഖലകളാക്കി തരം തിരിച്ച് വിജ്ഞാപനം ചെയ്തപ്പോൾ തോട്ടങ്ങളിൽ പഴം, പച്ചക്കറി കൃഷിയോടൊപ്പം അനുയോജ്യമായ ഏത് കൃഷിയുമിറക്കാനുള്ള അനുമതി നൽകി ദേദഗതി വരുത്തണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു. മുൻ ഇടത് സർക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിലെ അപാകതകൾ വൈകിയാണെങ്കിലും തിരുത്താൻ തയ്യാറായത് കാർഷിക മേഖലയോടുള്ള ഇടതുപക്ഷ സംഘടനകളുടെ നയം മാറ്റത്തിന്റെ സൂചനയാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, റോയി മുരിക്കോലിൽ, എൻ.വി ബാബുരാജ്, വയലാങ്കര മുഹമ്മദ് ഹാജി, സുരേന്ദ്രൻ പാലേരി, ആന്റണി ഈരൂരി, മത്തായി പൂതക്കുഴി എന്നിവർ പ്രസംഗിച്ചു.