കുറ്റ്യാടി (കോഴിക്കോട്): കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിൽ മെക്കാനിക്കായിരുന്ന തിരുവനന്തപുരം സ്വദേശി രാജു ഉറ്റവരെ പോലും ഓർത്തെടുക്കാനാകാതെ അവശനിലയിൽ.
ഒന്നര പതിറ്റാണ്ടിലേറെയായി തൊട്ടിൽപ്പാലത്തെ കടവരാന്തയിൽ കഴിഞ്ഞു കൂടുകയാണ് ഇദ്ദേഹം. ഇപ്പോൾ അസുഖം ബാധിച്ച് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ഏതെങ്കിലും വൃദ്ധസദനത്തിലേക്കോ ചികിത്സാ കേന്ദ്രത്തിലേക്കോ മാറ്റാൻ കാവിലുംപാറ പഞ്ചായത്ത് അധികൃതർ ശ്രമിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ അത് ഫലിച്ചില്ല. ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചപ്പോൾ പരിചരണത്തിനായി ബന്ധുക്കളെ കണ്ടെത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു അദ്ദേഹം.
രാജു തൊട്ടിൽപാലത്ത് എത്തിയത് 2001 ലാണ്. 15 വർഷം മുമ്പ് കെ.എസ്.ആർ.ടി.സി യിലെ ജോലി ഉപേക്ഷിച്ച് നിർമ്മാണ പ്രവൃത്തികൾക്ക് പോകാൻ തുടങ്ങി. പിന്നീട് നാട്ടിലേക്ക് പോയിട്ടില്ല. നേരത്തെ കൊല്ലം ചിന്നക്കടയിലും രാജു ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. തിരുവനന്തപുരത്ത് ആനയറയാണ് സ്വദേശമെന്ന് പറയുന്നതല്ലാതെ കൂടുതലൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രാജുവിന്റെ വിവരമടങ്ങിയ രേഖയെന്തെങ്കിലും കണ്ടെത്താനുമായില്ല.
രാജുവുമായി ബന്ധപ്പെട്ട് അറിയാവുന്നവർ തൊട്ടിൽപാലം പൊലീസിൽ (0496 2565890) ബന്ധപ്പെടണം.