കോഴിക്കോട്: കരയെ വിഴുങ്ങുന്ന കടൽ, ചിതറിക്കിടക്കുന്ന മാലിന്യം, താഴ് വീണ് വലപിടിച്ച തട്ടുകടകളും ഉന്തുവണ്ടികളും, ലോക്ക് ഡൗണിൽ ചിറകറ്റ നിരവധി ജീവിതങ്ങളുണ്ട് കോഴിക്കോട്ട് ബീച്ചിൽ. തിരക്കൊഴിഞ്ഞതോടെ ആരവങ്ങൾ നിറഞ്ഞ വൈകുന്നേരങ്ങളിൽ ഒറ്റപ്പെടൽ മാത്രമാണ് ബീച്ചിന് കൂട്ടായുള്ളത്. കടൽ കാണാനെത്തുന്നവരെ പൊലീസ് ഇടപെട്ട് മടക്കി അയക്കും.
അനക്കം നിലച്ച ഉന്തുവണ്ടികൾ
തട്ടുകടകളിലും ഉന്തുവണ്ടികളിലും കച്ചവടം നടത്തിയിരുന്നവരുടെ ജീവിതം ലോക്ക് ഡൗണോടെ
ഇരുട്ടിലായി. ചില നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ബീച്ചിലേത് തുടരുകയാണ്. വേലയും കൂലിയുമില്ലാതെ എത്ര നാൾ ജീവിതം ഉന്താനാകും എന്ന് ഇവർക്കുമറിയില്ല. നടന്ന് ആഭരണങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്നവർ, ബീച്ചിലെത്തുന്നവരുടെ ഭാഗ്യം പറഞ്ഞ് ജീവിക്കുന്നവർ അങ്ങനെ പ്രതിസന്ധിയിലായ ജീവിതങ്ങൾ പലതാണ്.
ശാപമായ കെട്ട നാറ്റം
കാണാൻ ആളില്ലാത്ത ബിച്ചിൽ മാലിന്യം കുന്നുകൂടുകയാണ്. ബീച്ചിന്റെ മുക്കിലും മൂലയിലുമെല്ലാം ഭക്ഷ്യ അവശിഷ്ടങ്ങൾ നിറയുകയാണ്. കടലിൽ നിന്നടിയുന്ന മാലിന്യങ്ങൾ വേറെ. പാഴ്സൽ ഭക്ഷണം ഇവിടെയിരുന്ന് കഴിക്കുന്നവർ അവശിഷ്ടവും കുപ്പിയുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നുണ്ട്. കാര്യമായ ശുചീകരണം നടക്കുന്നില്ല.
നായ്‌ക്കൾ വിലസുന്നു
മാലിന്യം നിറഞ്ഞതോടെ തെരുവ് നായ്‌ക്കൂട്ടം തീരം കൈയടക്കി. ആളുകളില്ലാത്തതിനാൽ ആർക്കും കടിയേൽക്കുന്നില്ലെന്ന് മാത്രം. അതിനിടെ വലിയങ്ങാടിയിൽ കഴിഞ്ഞ ദിവസം ഒമ്പത് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
തുടരുന്ന പൊലീസ് നിരീക്ഷണം
നിയന്ത്രണം ലംഘിച്ച് ബീച്ചിലെത്തുന്നവരെ തടയാൻ പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. അതിനിടെ സാമൂഹ്യവ്യാപനം സംശയിക്കുന്ന മലപ്പുറത്ത് നിന്ന് പോലും ആളുകൾ ഇവിടെ എത്തുന്നുണ്ട്. പലരെയും കേസെടുത്ത ശേഷം പൊലീസ് തിരിച്ചയക്കുകയാണ്.