കോഴിക്കോട്: ഇ -മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായി മൂവായിരം ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് സംബന്ധിച്ച് വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ ) തയ്യാറാക്കാൻ കേന്ദ്രത്തിന്റെ എംപാനൽ ലിസ്റ്റിൽ നിന്നാണ് ലണ്ടനിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. കരാർ ഒപ്പുവെച്ചിട്ടില്ല. കരിമ്പട്ടികയിൽപ്പെട്ട സ്ഥാപനമാണെങ്കിൽ കേന്ദ്രം പട്ടികയിൽ നിന്ന് നീക്കം ചെയ്യുമായിരുന്നു. കൾസൾട്ടൻസിയെ തീരുമാനിക്കാൻ ടെൻഡർ വിളിക്കേണ്ടതില്ല.
80 ലക്ഷം രൂപയാണ് ഫീസ്. ഇത് 4,500 കോടിയുടെ അഴിമതിയായി പ്രതിപക്ഷ നേതാവ് അവതരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ബസ് വാങ്ങാൻ ഡി.പി.ആർ ആവശ്യമില്ല.ബസ് വാങ്ങാൻ തീരുമാനിച്ചിട്ടില്ല. കെ.എസ്.ആർ.ടിസിയ്ക്ക് 3000 ബസ് വാങ്ങാനുള്ള ശേഷിയുമില്ല. പദ്ധതിയുമായി സഹകരിക്കാൻ അന്താരാഷ്ട്ര കമ്പനികൾ താത്പര്യം അറിയിച്ചിരുന്നു. അതിന്റെ പ്രായോഗികവശങ്ങളും പ്രയോജനവും അറിയാനാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. വാഹനവുമായി ബന്ധപ്പെട്ട മേഖലയിൽ ഈ കമ്പനിയ്ക്കാണ് കൂടുതൽ പരിചയം.
മന്ത്രിയ്ക്ക് കരിങ്കൊടി
ലാത്തിച്ചാർജ്
ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് നേരെ കുരുവട്ടൂരിൽ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. 12 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. യൂത്ത് കോൺഗ്രസുകാർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാണിക്കുകയായിരുന്നു.