toilet

കോഴിക്കോട്: കുടുംബപ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സെക്യുരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളയിൽ ഇൻസ്‌പെക്ടർ ഗോപകുമാർ ഉൾപ്പെടെ ഏഴു പൊലീസുകാർ ക്വാറന്റൈനിലായി. ജഡം ഇൻക്വസ്റ്റ് ചെയ്യാനെത്തിയത് ഇവരായിരുന്നു. ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.

പി.ടി. ഉഷ റോഡിലെ ഫ്ളാറ്റ് സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയിൽ കുന്നുമ്മൽ കൃഷ്ണനെ (68) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ശനിയാഴ്ച ഉച്ചയോടെയാണ്. കൊവിഡ് ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവെന്ന് ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരം.

കൃഷ്ണന് എങ്ങനെ രോഗം ബാധിച്ചുവെന്നത് അവ്യക്തമാണ്. ചെന്നൈയിൽ ഇയാൾ മുമ്പ് ജോലി ചെയ്തിരുന്നിടത്തു നിന്ന് രണ്ട് പേർ ഇതിനിടെ കാണാൻ വന്നിരുന്നതായി പറയുന്നു. ഇത് പക്ഷേ, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫ്ലാറ്റിൽ പതിവായി രാത്രി ഡ്യൂട്ടിയായിരുന്നു. പകൽ ആരെല്ലാമായി ബന്ധപ്പെട്ടിരിക്കുമെന്ന് അന്വേഷണം കഴിയുന്നതോടെ മാത്രമെ മനസ്സിലാവൂ എന്ന് പൊലീസ് പറഞ്ഞു.