വടകര: ലോക്ക് ഡൗൺ വിരസത ഓർക്കാട്ടേരി കസ്തൂരിക്കുനിയിൽ ഷിലു ബാബുവിന് തുറന്ന് കൊടുത്തത് പോക്കറ്റ് മണിയുണ്ടാക്കാനുള്ള മാർഗം. കരകൗശല കലാസൃഷ്ടികളിലൂടെ ഉപയോഗശൂന്യമായതിനെ തുടർന്ന് വലിച്ചെറിയുന്ന വസ്തുക്കൾക്ക് പുതുജീവൻ നൽകുകയാണ് ഷിലു. കുപ്പികൾ, പാഴ്ത്തുണികൾ, പേപ്പറുകൾ, പിസ്തയുടെയും മറ്റും പുറംതോട്, പൂഴിയിലെ കക്ക, ഈർക്കിൽ തുടങ്ങിയവയിൽ നിന്ന് കലാരൂപങ്ങൾ വിരിയുകയാണ്. പുത്തൻ ഫ്രെയിമുകൾ ചാർത്തിയുള്ള പഴയകാല ക്ലോക്കുകൾ മോഹവില നൽകിയാണ് പലരും സ്വന്തമാക്കുന്നത്.
ഗ്ലാസുകളിലെ പെയിന്റിംഗും ആകർഷകമാണ്. പെയിന്റും ബ്രഷുമുപയോഗിച്ച് പൂക്കളെയും പ്രകൃതിദൃശ്യങ്ങളെയും ഉണ്ണിക്കണ്ണനെയുമെല്ലാം പാഴ്ക്കുപ്പികളിൽ പുനർജനിപ്പിക്കുകയാണ് ഷിലു. ഇതിനകം നൂറിലേറെ കുപ്പികളാണ് വരച്ചത്. മിക്കവയും കൂട്ടുകാരികൾക്കും അയൽവീടുകളിലും സമ്മാനിച്ചു. ആദ്യഘട്ടങ്ങളിൽ സമീപത്തെ വീടുകളിൽ നിന്ന് പഴയ കുപ്പികളും പാഴ്ത്തുണികളും ശേഖരിച്ചാണ് കലാരൂപ നിർമ്മാണത്തിന് തുടക്കമിട്ടത്. തുടർന്നാണ് വർണവിസ്മയ കാലാരൂപങ്ങൾ ഒരുക്കിയത്.
വിദേശത്ത് ജോലിചെയ്യുന്ന അച്ഛൻ ബാബു മകളുടെ കലാവിരുതിന് പ്രോത്സാഹനമേകുന്നത്. അമ്മ വസുമതിയും സഹോദരിമാരായ ഷിൽക്കയും ഷിയയും പിന്തുണയുമായി ഒപ്പമുണ്ട്. പാഴ്ത്തുണിയും സിമന്റുമുപയോഗിച്ച് ചെടിച്ചട്ടികൾ നിർമ്മിച്ച് കലംകാരി മോഡലിൽ പെയിന്റിംഗ് നടത്തുന്നതാണ് ഈ എം.സി.എ കാരിയുടെ മറ്റൊരു ലോക്ഡൗൺ വിനോദം. കടലാസുകളിൽ പൂക്കളും ഒറിഗാമി രൂപങ്ങളും ഉണ്ടാക്കുകയായിരുന്നു ഷിലുവിന്റെ പ്രധാനഹോബി. യൂ ട്യൂബിലെ വീഡിയോകളാണ് പാഴ്ക്കുപ്പികളിൽ മികച്ച സൃഷ്ടികളൊരുക്കാൻ വഴികാട്ടിയായത്.
വിവാഹം, ബർത്ത് ഡേ തുടങ്ങിയവയ്ക്ക് പ്രസന്റേഷൻ നല്കാനുള്ള കലാരൂപങ്ങൾക്ക് ഇൻസ്റ്റാഗ്രാം വഴിയും ആവശ്യക്കാരുണ്ട്. അടുത്തദിവസം ജന്മദിനമഘോഷിക്കുന്ന തന്റെ കൂട്ടുകാരിക്ക് മികച്ച ആശംസാകാർഡൊരുക്കുന്ന തിരക്കിലാണ് ഷിലു ഇപ്പോൾ.