കോഴിക്കോട്: പ്ലംബിംഗ് സാമഗ്രികൾ വിൽക്കുന്ന കടകളിൽ നിരന്തരം മോഷണം നടക്കുമ്പോഴും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. നാല് മാസത്തിനിടെ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷമായിരുന്നു നാല് മോഷണവും. കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്, കുന്ദമംഗലം, മലാപ്പറമ്പ് എന്നിവിടങ്ങളിലെ കടകളിൽ നടന്ന മോഷണങ്ങളിൽ പിച്ചള ടാപ്പ് ഫിറ്റിംഗുകളാണ് നഷ്ടമായത്. കടയുടെ ഷട്ടർ തകർത്തായിരുന്നു മോഷണം.

കോട്ടൂളിയിലെ 'ദ പ്ലംബർ സ്‌റ്റോർ" എന്ന കടയിൽ ഈ മാസം 17ന് നടന്ന മോഷണത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും അന്ന് സ്ഥലത്തെത്തിയിരുന്നു. പക്ഷേ വിരലടയാളം ഇതുവരെ ഒത്തുേനാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നത്. മെഡിക്കൽ കോളേജ് പൊലീസ് പരിധിയിലുള്ള മേത്തോട്ടുതാഴത്ത് 'ഫ്രൻഡ്സ് സാനിറ്റേഷൻ" എന്ന കടയിൽ ഈ മാസം 12നാണ് മോഷണം നടന്നത്.
രണ്ട് ദിവസം മുമ്പാണ് കുന്ദമംഗലത്തെ 'ടൈൽസ് വേൾഡ്" കടയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളും 28,000 രൂപയും മോഷ്ടിച്ചത്. ഫറോക്കിലും മലാപ്പറമ്പിലും നടന്ന മോഷണത്തിലെ പ്രതികളെയും പിടികൂടാനായിട്ടില്ല.