കോഴിക്കോട്: 20 രൂപയ്ക്ക് ഉച്ചയൂൺ നൽകുന്ന കുടുംബശ്രീയുടെ മൂന്നാമത്തെ ജനകീയ ഹോട്ടൽ നഗരത്തിൽ ആരംഭിച്ചു. കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സെൻട്രൽ സി.ഡി.എസിന് കീഴിൽ ജില്ലാ വെറ്ററിനറി ആശുപ്രതി കോമ്പൗണ്ടിലെ കാന്റീനാണ് ജനകീയ ഹോട്ടലാക്കി മാറ്റിയത്.

ചോറ്, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ അടങ്ങുന്നതാണ് ഉച്ചയൂൺ. മത്സ്യക്കറിയോ മത്സ്യം വറുത്തതോ സ്‌പെഷ്യലായി വാങ്ങാം. അതിന് പ്രത്യേകം തുക നൽകണം. കോർപ്പറേഷൻ പരിധിയിൽ പത്ത് ജനകീയ ഹോട്ടലുകൾ തുറക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. 20 രൂപയ്ക്ക് ഉച്ചയൂൺ നൽകുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ വർഷത്തേക്ക് 50ലക്ഷം രൂപ സബ്‌സിഡി തുക വകയിരുത്തിയിരുന്നു. സന്നദ്ധ സംഘടനകളും മറ്റും സ്പോൺസർ ചെയ്യുന്ന ഭക്ഷണം ഹോട്ടലുകളിൽ നിന്ന് നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതാണ്. (ഫോൺ: 9746990518, 7025774213).
ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിതാ രാജൻ, വർക്‌സ് കമ്മിറ്റി ചെയർമാൻ ലളിതപ്രഭ, സി.ഡി.എസ് ചെയർപേഴ്‌സൺ ഒ.രജിത , കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഗിരീഷ് കുമാർ, പ്രാജക്ട് ഓഫീസർ ടി.കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.