അതിർത്തി കടന്നുള്ള യാത്രക്കാരുടെ വരവ് നിർബാധം തുടരുന്നു
ചുള്ളിയോട്: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന താളൂർ, നമ്പ്യാർക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള ബസ്സ്സർവ്വീസ് ജില്ലാ ഭരണകൂടം തടഞ്ഞത് കാരണം സാധാരണക്കാർ യാത്രാ ദുരിതത്തിലായി. മിനിമം ചാർജിന് യാത്രചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളിലേക്ക് പോലും അമ്പത് രൂപയും കൂടുതലും കൊടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ.
ബത്തേരിയിലും മറ്റും വിവിധ കടകളിൽ ജോലി നോക്കുന്നവർക്ക് കിട്ടുന്ന തുക യാത്രക്കൂലി കൊടുക്കേണ്ട അവസ്ഥയാണ്.
അതിർത്തി കടന്നുള്ള അനിയന്ത്രിതമായ ആളുകളുടെ വരവ് തടയാനായിരുന്നു ജില്ലാ ഭരണകൂടം ഈ തീരുമാനം എടുത്തത്. എന്നാൽ ഇത്തരത്തിലുള്ള യാത്ര അതികൃതരുടെ കണ്ണ് വെട്ടിച്ചും മറ്റും തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിൽ അതിർത്തികളിൽ ഓടുന്ന ടാക്സി വാഹനങ്ങളിലും, സ്വകാര്യ വാഹനങ്ങളിലും നൂറു കണക്കിന് ആളുകളാണ് വയനാട്ടിലേക്ക് കടക്കുന്നത്.
നമ്പ്യാർക്കുന്ന് മുതൽ വടുവൻചാൽ വരെയുള്ള അതിർത്തി പ്രദേശങ്ങളിൽ വാഹനങ്ങളിൽ മാറി കയറി ഗ്രാമീണ വഴികളിൽകൂടി ആളുകൾ ജില്ലയിലേക്ക് വരുന്നുണ്ട്. താളൂരിലെ പരിശോധനാ കേന്ദ്രം അതിർത്തിയിൽ നിന്ന് മാറി ആയതിനാൽ ഇടറോഡുകളിലൂടെ ആളുകൾ കടന്ന് പോകുന്നുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് താൽക്കാലിക ഔട്ട് പോസ്റ്റ് നിർമ്മിച്ചാൽ പരിശോധന നടത്താൻ സാധിക്കും.
ജനങ്ങളുടെ യാത്രാദുരിതം വർദ്ധിപ്പിക്കുന്ന ബസ്സ് യാത്രാ നിയന്ത്രണം എടുത്ത് കളഞ്ഞ് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് താളൂർ കൈരളി സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.കെ. മുഹമ്മദ്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.കെ.ഹുസൈൻ, പി.കെ.മോഹനൻ, ബൈജുജോൺ, ഇ.കെ.ഷാജഹാൻ, ടി.വി.തോമസ്, കെ.ഡി.സെബാസ്റ്റ്യൻ, എസ്.ശിവദാസ്, പി.പി.ഏലിയാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.