പനമരം: കബനി നദിയിലെ പനമരം പഞ്ചായത്തിലെ കടവുകളിൽ 2500 ലധികം ടിപ്പർ ലോഡ് മണൽ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ സംഘം അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ്, ജില്ലാ ജിയോളജിസ്റ്റ് ഇബ്രാഹിംകുഞ്ഞ്, എൽ.എസ്.ഇ.ഡി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാധുരി, ഹസാർഡ്സ് അനലിസ്റ്റ് അരുൺ എന്നിവരാണുള്ളത്. ജില്ലാകലക്ടറുടെ നിർദ്ദേശപ്രകാരമാണ് സംഘം തെളിവെടുപ്പ് നടത്തുന്നത്.

മണൽകൊള്ള നടക്കുന്നതായി ആരോപണം ഉന്നയിച്ച വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ എന്നിവർ സംഘത്തെ അനുഗമിക്കുകയും തെളിവുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
1500 ലധികം ടിപ്പർ മണൽ കടത്തിയ സീസൺ കടവാണ് സംഘം ആദ്യം സന്ദർശിച്ചത്. തുടർന്ന് ലേലം നടന്ന മറ്റു കടവുകളും സന്ദർശിച്ചു. പുഴത്തിട്ടുകളിലെ മുളങ്കൂട്ടങ്ങളും മരങ്ങളും പിഴുതുമാറ്റി മണൽ എർത്തു മൂവറുകൾ ഉപയോഗിച്ച് കുഴിച്ചെടുത്തതും പുഴ ഗതിമാറ്റി തിരിച്ചുവിട്ടതും പുഴയിൽ ഗർത്തങ്ങൾ രൂപപ്പെട്ടതും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സംഘത്തെ കാണിച്ചു.
കഴിഞ്ഞ പ്രളയത്തിൽ പുഴയിൽ അടിഞ്ഞുകൂടിയ എക്കലും അവശിഷ്ടങ്ങളും നീക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ മറവിൽ പനമരം പഞ്ചായത്തിൽ വൻ മണൽ കൊള്ള നടന്നതായാണ് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചത്.