കോഴിക്കോട് : പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ സൗജന്യമായി റിപ്പയർ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് വഴി വിദ്യാർത്ഥികൾക്ക് കൈമാറുന്ന സ്മാർട്ട് ചാലഞ്ചിന് തുടക്കമായി. നന്നാക്കിക്കിട്ടിയ ആദ്യ ഫോണുകൾ ജില്ലാ കളക്ടർ എസ്.സാംബശിവ റാവു അദ്ധ്യാപകർക്കു കൈമാറി.

കുന്ദമംഗലം എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ പി.പ്രേമരാജൻ, കാരന്തൂർ എസ് ജി എം.എ.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക ജി.എസ്. റോഷ്‌മ എന്നിവർ വിദ്യാർത്ഥികൾക്കു വേണ്ടി ഫോണുകൾ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടം, കണക്‌റ്റഡ് ഇനിഷ്യേറ്റീവ്, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവ സംയുക്തമായി മൈ ജി യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
സ്മാർട്ട് ചാലഞ്ച് കോ ഓർഡിനേറ്റർ യു.പി.ഏകനാഥൻ, പ്രമോദ് മണ്ണടത്ത്, മൈ ജി സർവിസ് ഇൻ ചാർജ്ജ് ഡോ. മുഹമ്മദ് ഷാഫി, എസ്.അബി, എ.രാജേഷ് എന്നിവർ പങ്കെടുത്തു.
പൊറ്റമ്മൽ മൈ ജി ഷോറൂം, കളക്ടറേറ്റ് എന്നിവിടങ്ങളിലെ കളക്‌ഷൻ പോയന്റുകളിൽ ജൂലായ് മൂന്നു വരെ സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും സ്വീകരിക്കുമെന്ന് കോ ഓർഡിനേറ്റർ അറിയിച്ചു.