പുളിക്കൽ:​ കൊ​വിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചെറുകാവിൽ ജാഗ്രത ശക്തമാക്കാൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ വ്യാപാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. വ്യക്തിഗത സുരക്ഷ പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും കൂട്ടം ചേർന്ന് പരിപാടികൾ സംഘടിപ്പിക്കുന്നത് തടയും. ഇതിനായി പൊലീസിന്റെ സഹായം തേടും. ചെറുകാവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിയോടും കൊണ്ടോട്ടി സി.ഐയോടും ആവശ്യപ്പെടാൻ പഞ്ചായത്ത് ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനിച്ചു.
പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി അ​ദ്ധ്യ​ക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.അബ്ദുള്ളക്കോയ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ഹേമകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാട്ടിപ്പരുത്തി റഷീദ്, പി.ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്പെക്ടർ വിജേഷ്, ഇ.വിനയകുമാർ, പി.എം.കെ. കുഞ്ഞിമോൻ, കെ.ടി.ഫിറോസ് എന്നിവർ പ്രസംഗിച്ചു.