കോഴിക്കോട്: ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കൽ പാലത്തിന് സമീപം മരം വീണ് കോഴിക്കോട് - വയനാട് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ വാകമരമാണ് വീണത്. അഞ്ചോളം വൈദ്യുതി തൂണുകളും ബൈക്കും തകർന്നു. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്നാണ് മരം മുറിച്ച് നീക്കിയത്.
വൈദ്യുതി തൂണുകൾക്കിടയിൽപ്പെട്ട് പ്രദേശവാസികളായ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ മരം അപകടാവസ്ഥയിലാണെന്ന കാര്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അഗ്നിശമന സേനയെത്തി മരത്തിന്റെ ചില്ലകൾ മാത്രം വെട്ടിമാറ്റി.