501,200 തൊഴിൽ ദിനങ്ങളുടെ വർദ്ധന

40000 കോടി അധികം അനുവദിക്കും

കോഴിക്കോട്: കൊവിഡ് കാല തൊഴിൽ പ്രതിസന്ധി മറികടക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കൂട്ടി കേന്ദ്രം. ഇതിനായി 40000 കോടി രൂപ കേന്ദ്ര സർക്കാർ അധികമായി അനുവദിക്കും. 2020-21 സാമ്പത്തിക വർഷം 801,700 തൊഴിൽ ദിനങ്ങളായിരുന്നു ജില്ലയിൽ അനുവദിച്ചത്. ഇത് 1,30,2900 ആയി വർദ്ധിപ്പിച്ചു. മഴക്കാല പൂർവ ശുചീകരണം, തരിശു ഭൂമി കൃഷിയോഗ്യമാക്കൽ, കുടിയേ​റ്റ തൊഴിലാളികൾ, തിരച്ചെത്തുന്ന പ്രവാസികൾ എന്നിവരുടെ പുനരധിവാസ നടപടികൾ പുരോഗമിക്കുകയാണ്. മാലിന്യക്കുഴി, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ് തുടങ്ങിയവ മഴ ശക്തമാകുന്നതിന് മുമ്പേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കൊവിഡ് പെരുമാറ്റചട്ടം പൂർണമായും പാലിച്ചുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ ക്രമീകരണം.

ഒരു തൊഴിലിന് പരമാവധി 30 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ നാലായി തിരിച്ച് അഞ്ചുപേർ വീതം അടങ്ങുന്ന ഗ്രൂപ്പായാണ് പ്രവർത്തനം. റെഡ് സോണുകളും കണ്ടെയ്ൻമെന്റ് സോണുകളും ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ ജില്ലയിലെ 70 പഞ്ചായത്തുകളിൽ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.കൂലിവർധനയ്ക്ക് ശേഷമുള്ള ആദ്യ തൊഴിൽ ദിനങ്ങളാണിപ്പോൾ നടക്കുന്നത്. ഫെബ്രുവരിയിൽ 270രൂപയിൽ നിന്ന് 291 രൂപയായി കൂലി വർദ്ധിപ്പിച്ചിരുന്നു.

ജില്ലയിൽ 3,16000 തൊഴിൽ കാർഡുടമൾ ഉണ്ടെങ്കിലും 1,80000 പേരാണ് തൊഴിൽ ചെയ്യുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ

1.ആട്ടിൻ കൂടുകൾ-1226

2.കോഴി കൂടുകൾ-735

3.അസോള ടാങ്കുകൾ-364

4.കമ്പോസ്റ്റ് പിറ്റുകൾ- 15325

5.സോക്ക് പിറ്റുകൾ-15325

6. മിനി എംസി.എഫ്-615

7.കൃഷിക്കാവശ്യമായ കുളങ്ങൾ-242

8. സാശ്രയ സംഘങ്ങൾക്കായുള്ള പണിപ്പുരകൾ-74

9.കിണർ റീചാർജിംഗ് - 3924 വീടുകളിൽ

10. മൃഗസംരക്ഷണ തീറ്റപ്പുൽ കൃഷി

'കൊവിഡ് -19 സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധി പരിഹരിക്കുകയാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഇപ്പോഴത്തെ ലക്ഷ്യം.അതിനായി തൊഴിൽ ദിനങ്ങൾ കൂട്ടി. ശരാശരി വർഷത്തിൽ നാല് ലക്ഷത്തിനടുത്ത് ആനുകൂല്യങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്.'- പി.എം.മുഹമ്മദ്, ജില്ലാ പോഗ്രാം കോ ഓർഡിനേറ്റർ.