കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിൽ ജില്ലയിലെ നിർമ്മാണ മേഖല ഏതാണ്ട് നിശ്ചലം. പൊതുമരാമത്ത് വകുപ്പിന്റേതുൾപ്പെടെ സർക്കാരിന്റെ പ്രവൃത്തികളെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ ഇളവുണ്ടെങ്കിലും തൊഴിലാളിക്ഷാമം കാരണം പലയിടത്തും ജോലികൾ പുനഃരാരംഭിച്ചിട്ടില്ല. കെട്ടിട നിർമ്മാണ മേഖലയിലാണ് വലിയ പ്രതിസന്ധി.
നിർമ്മാണ മേഖലയിലെ തൊഴിലാളികളേറെയും പശ്ചിമബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഖഢ് സ്വദേശികളായിരുന്നു. ലോക്ക് ഡൗൺ വന്ന ശേഷം നാലു ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോയെന്നാണ് കണക്ക്. നഗരത്തിലെ ഓവുചാൽ, മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, ഹോമിയോ കോളേജിലെ പ്രവൃത്തി തുടങ്ങിയ നിരവധി ജോലികളാണ് നിലച്ചത്. ഇതുകാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. തുടങ്ങിയ ജോലികളുടെ വേഗതയും കുറഞ്ഞു.
വീടു നിർമ്മാണം, കോൺക്രീറ്റിംഗ്, ഫൗണ്ടേഷൻ നിർമ്മാണം, പ്ലാസ്റ്ററിംഗ് എന്നിവയ്ക്കൊന്നും ആവശ്യത്തിന് തൊഴിലാളികളില്ല. ക്വാറികളുടെ പ്രവൃത്തിയും നിലച്ചു. കിണർ നിർമ്മാണം പോലുള്ള ജോലികൾ ചെയ്യുന്ന തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെയും കിട്ടുന്നില്ല. അന്യസംസ്ഥാനക്കാരുടെ കൂട്ടപ്പാലായനം നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കരാറുകാർ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ആരെയും നിർബന്ധിച്ച് പറഞ്ഞയക്കേണ്ടെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും ഫലമുണ്ടായില്ല.
കമ്മ്യൂണിറ്റി കിച്ചണുൾപ്പെടെയുള്ള സംവിധാനങ്ങൾ നിലച്ചതോടെയാണ് തൊഴിലാളി മടക്കം കൂടിയത്. ഹോട്ടലുകൾ, ബാർബർഷാപ്പുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാതെ മറ്ര് വഴികളില്ലാതായി. നിർമ്മാണ മേഖലയിൽ കാഠിന്യമേറിയ ജോലികൾ ചെയ്യാൻ മലയാളികൾ താത്പര്യമില്ല. തൊഴിലാളികളിൽ കൂടുതലും അമ്പതിനോട് അടുത്ത് പ്രായുള്ളവരുമാണ്. ഇത് വലിയ പ്രതിസന്ധിയാണെന്നും കരാറുകാർ പറയുന്നു.
അതിനിടെ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കരാറുകർ തുടങ്ങിയെങ്കിലും പലരും വരാൻ തയ്യാറാകുന്നില്ല. സ്ഥിരം ജോലിയുണ്ടാകുമോ എന്ന സംശയമാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. തൊഴിലാളികളെ എത്തിച്ചാൽ ക്വാറന്റൈയിൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലും കരാറുകർക്ക് ആശങ്കയുണ്ട്.
നിലയ്‌ക്കാത്ത തൊഴിലാളി മടക്കം
ഇതുവരെ മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ - 4 ലക്ഷം
മടങ്ങിയവരിലേറെയും പശ്ചിമബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഖഢ് സ്വദേശികൾ
ഓവുചാൽ, മെഡി. കോളേജിലെ കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയ നിർമ്മാണങ്ങൾ നിലച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
കമ്മ്യൂണിറ്റി കിച്ചണുകൾ അടച്ചത് തിരിച്ചടിയായി
സ്ഥിരം ജോലിയുണ്ടാകുമോ എന്ന ആശങ്കയിൽ മടങ്ങാതെ തൊഴിലാളികൾ
വീടു നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾ നിലച്ചു