 പൊലീസ് സേനയെ ശക്തിപ്പെടുത്തും

കോഴിക്കോട്: കൊവിഡ്-19 വ്യാപന സാധ്യത മുന്നിൽ കണ്ട് സേനയെ വീണ്ടും സജീവമാക്കി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്. ആഗസ്റ്റിൽ വലിയ തോതിൽ കൊവിഡ് രോഗികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പ്രതിരോധം കർശനമാക്കുക, ആവശ്യമുള്ളിടത്ത് ലോക്ക് ഡൗൺ നടപ്പാക്കുക എന്നിവയിലായിരിക്കും ഊന്നൽ. ഇതിന്റെ ഭാഗമായി വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ ലോക്കൽ പൊലീസിലേക്ക് മാറ്റും. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ 40 പേരെ വിജിലൻസിൽ നിന്ന് വിവിധ പൊലീസ് സ്റ്രേഷനുകളിൽ നിയമിച്ചു.

 നിയന്ത്രണങ്ങൾ ക‌ർശനമാക്കും

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം അനുവദിക്കില്ല. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മാസ്ക് ധരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. മാസ്ക് ധരിക്കാത്തവർക്കെതിരെ നിലവിൽ കേസെടുക്കുന്നുണ്ടെങ്കിലും കുറെകൂടി കർശനമാക്കാനാണ് തീരുമാനം.

 വീണ്ടും വാഹന പരിശോധന

നിർത്തിവെച്ച വാഹന പരിശോധന പൊലീസ് പുനരാരംഭിക്കും. ഗതാഗത നിയമ ലംഘനങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് വാഹന പരിശോധന വീണ്ടും തുടങ്ങുന്നത്. ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്ന് നേരത്തെ പരിശോധന നിർത്തിവെച്ചിരുന്നു.