കോഴിക്കോട്: തീരദേശ വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുളളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടകര നഗരസഭ പരിസരത്ത് സി.കെ നാണു എം.എൽ.എ നിർവഹിച്ചു.വടകര താലൂക്കിലെ നടക്കുതാഴ വില്ലേജിലെ ഗുണഭോക്താക്കൾ കണ്ടെത്തിയ 50 സെന്റ് ഭൂമിയിൽ 14 കുടുംബങ്ങൾക്കാണ് വീട് നിർമ്മിക്കുക. വടകര സൗത്ത്, വടകര നോർത്ത്, ചോമ്പാൽ എന്നീ മത്സ്യ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണിവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വീടും സ്ഥലവും ചേർത്ത് 10 ലക്ഷം രൂപ ഒരു കുടുംബത്തിന് ലഭിക്കും. വടകര താലൂക്ക്- 66, കൊയിലാണ്ടി താലൂക്ക്- 78, കോഴിക്കോട് താലൂക്ക്- 98 എന്നിങ്ങനെ ജില്ലയിൽ ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളാണ് കടൽക്ഷോഭ മേഖലയിൽ നിന്ന് മാറി താമസിക്കുക. 2,450 കോടി രൂപയുടെ ബൃഹത് പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ആറ് ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് ഭൂമി പഞ്ചായത്തുകളിലും രണ്ട് സെന്റ് ഭൂമി നഗരപ്രദേശങ്ങളിലും വാങ്ങി നാലു ലക്ഷം രൂപ ഉപയോഗിച്ച് വീട് ഉണ്ടാക്കാനും ഗുണഭോക്താക്കൾക്ക് ഒന്നിച്ച് ഭൂമി വാങ്ങി ഫ്ളാറ്റ് നിർമ്മിക്കാനും സർക്കാർ ഭൂമി ഏറ്റെടുത്ത് ഫ്ളാറ്റ് /ഭവന സമുച്ഛയം നിർമ്മിക്കാനും ഗുണഭോക്താവിന് നേരിട്ട് വീടുളള സ്ഥലം വാങ്ങുന്നതിനും പദ്ധതിയിൽ സൗകര്യമുണ്ട്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
വടകര നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഹമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, നോഡൽ ഓഫീസർ വി.സുനീർ എന്നിവർ പങ്കെടുത്തു.