കൽപ്പറ്റ: ജില്ലയിൽ എസ്.എസ്.എൽസി പരീക്ഷയിൽ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11655 വിദ്യാർത്ഥികളിൽ 11077 പേർ ഉപരിപഠന യോഗ്യത നേടി.
5870 ആൺകുട്ടികളും 5785 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5512 ആൺകുട്ടികളും, 5565 പെൺകുട്ടികളുമാണ് വിജയിച്ചത്.
ജില്ലയിൽ 35 സ്‌കൂളുകൾ നൂറ്‌മേനി നേടി. 24 സർക്കാർ വിദ്യാലയങ്ങൾ, രണ്ട് സെപ്ഷ്യൽ സ്‌കൂളുകൾ ഉൾപ്പെടെ 6 എയ്ഡഡ് സ്‌കൂളുകൾ, 5 അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയത്.
ജില്ലയിലെ അഞ്ച് ട്രൈബൽ സ്‌കൂളുകളിലും നൂറ് ശതമാനം വിജയമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി വിദ്യാർത്ഥികൾ പത്താംതര പരീക്ഷ എഴുതിയത്.
എല്ലാവരും വിജയിച്ച്
എം.ആർ.എസ് സ്‌കൂളുകൾ
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അഞ്ച് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് ഇത്തവണയും നൂറ്‌മേനി വിജയത്തിളക്കം. ജില്ലയിലെ അഞ്ച് എം.ആർ.എസുകളിലായി 205 വിദ്യാർത്ഥികളാണ് പത്താംതര പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി. നൂൽപ്പുഴ എം.ആർ.എസ് 37, തിരുനെല്ലി എം.ആർ.എസ് 40, നല്ലൂർനാട് എം.ആർ.എസ് 35, കണിയാമ്പറ്റ എം.ആർ.എസ് 34, പൂക്കോട് എം.ആർ.എസ് 59 എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ കണക്ക്.
കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ നിന്ന് വയനാട്ടിലെ എം.ആർ.എസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതത് ജില്ലയിൽ പരീക്ഷ എഴുതുവാൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സൗകര്യമൊരുക്കിയിരുന്നു. പ്രത്യേക ക്യാമ്പുകൾ, രാവിലെയും വൈകീട്ടും സ്‌പെഷ്യൽ കോച്ചിംഗ്, റിവിഷൻ എന്നിവ വിദ്യാർത്ഥികളിലെ ആത്മവിശ്വാസം ഉയർത്തി.