family

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ വേട്ടോറേമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചംഗ ബംഗാളി കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു. 12 വർഷം മുമ്പ് കുറ്റ്യാടിയിൽ ടൈലറിംഗ് ഷോപ്പിൽ ജോലിയ്ക്കെത്തിയ ഫർഖോന, ഗാഡൻ ഡീച്ച് നിവാസികളായ ഷെയ്ക്ക് രാജേഷ്, ഭാര്യ നൂർജഹാൻ, മക്കളായ റസ് വാന (12), റജിയ (10), ഷെയ്ക്ക്റഹിയാനൻ (8) എന്നിവരാണ് പട്ടിണിയോട് മല്ലിട്ട് ഓരോ ദിവസവും തള്ളിനീക്കുന്നത്.

ലോക്ക് ഡൗണിൽ ടൈലറിംഗ് കടയടച്ചതോടെ രാജേഷിന് ജോലി നഷ്ടമായിരുന്നു. തുടർന്ന് ഒരു നേരത്തെ ഭക്ഷണത്തിന്ന് പോലും പ്രയാസമായി. വീട്ടിന്റെ വാടകയും വൈദ്യുതി ബില്ലും അടച്ചിട്ട് മാസങ്ങളായി. മക്കൾ സമീപത്തെ യു.പി സ്കൂളിലാണ് പഠിക്കുന്നത്. നാട്ടിൽ കാര്യമായ ബന്ധുക്കളില്ലാത്തതിനൽ ശിഷ്ടകാലം ഇവിടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് മക്കളെ മലയാളം പഠിപ്പിച്ചതെന്നും രാജേഷ് പറയുന്നു.

റേഷൻ കാർഡില്ലാത്തതിനാൽ സർക്കാറിന്റെ ആനുകൂല്യം ഇവർക്ക് ലഭിക്കുന്നില്ല. നാട്ടുകാരുടെയും കുറ്റ്യാടിയിലെ ചില സുമനസുകളുടെയും സഹായത്തിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. സ്വന്തമായി ഒരു വീടിനും ചെറിയ ജോലിക്കുമായി സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ അതിഥി കുടുംബം.