പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ വനനശീകരണത്തെ തുടർന്ന് കാട്ടുജീവികൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതായി പരാതി. മലയുടെ താഴ്‌വാരമായ വേട്ടൂണ്ട ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. തുടർന്ന് നാട്ടുകാർ പാമ്പിനെ പിടികൂടി പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. തുടർന്ന് പാമ്പുപിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട്ടെത്തി പെരുവണ്ണാമൂഴി വനമേഖലയിൽ തുറന്നുവിട്ടു.
കാട്ടിൽ നിന്നിറങ്ങുന്ന കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും ശല്യം കാരണം പുറത്തിറങ്ങാനാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ചേന, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികളും ഇവ നശിപ്പിക്കുകയാണ്. നരയംകുളത്ത് തറേങ്കിൽ വേലായുധന്റെ വീട്ടുവപ്പിലെ തെങ്ങിൽ തൈകൾ പന്നികൾ നശിപ്പിച്ചിരുന്നു. മൂലാട്, ആവറാട്ട്മുക്ക് ഭാഗങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
മാസങ്ങൾക്ക് മുമ്പ് താഴ്‌വാരത്ത് നിന്ന് ഒരു മാനിനെ അജ്ഞാത ജീവികൾ കൊന്നിരുന്നു. അടുത്തിടെ കൂട്ടാലിട ടൗണിൽ കുരങ്ങുമിറങ്ങിയിരുന്നു. ഇവിടെ മയിലിനേയും കണ്ടെത്തിയിരുന്നു. ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ടെത്തിയ വിദഗ്‌ദ്ധ സമിതി അംഗങ്ങൾ ചെങ്ങോടുമലയിൽ ഒരു ജീവികളേയും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു.