കൽപ്പറ്റ: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് പേർക്ക് കൂടി രോഗമുക്തി. കൊയിലാണ്ടി സ്വദേശിയായ 28 കാരൻ, തലപ്പുഴ സ്വദേശിയായ 22 കാരൻ, വടുവൻചാൽ സ്വദേശിയായ 35 കാരൻ, പൊഴുതന സ്വദേശിയായ 36 കാരി എന്നിവരാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്. നിലവിൽ രോഗം സ്ഥിരീകരിച്ച് 40 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
ജില്ലയിൽ ചൊവ്വാഴ്ച 291 പേർ കൂടി പുതുതായി നിരീക്ഷണത്തിലായി. 261 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ഇതോടെ നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3706 ആയി. 44 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 319 പേർ ഉൾപ്പെടെ 1783 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3197 സാമ്പിളുകളിൽ 2626 പേരുടെ ഫലം ലഭിച്ചതിൽ 2563 എണ്ണം നെഗറ്റീവും 63 സാമ്പിളുകൾ പൊസിറ്റീവുമാണ്. 567 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 4804 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3866 സാമ്പിളുകളിൽ 3833 എണ്ണം നെഗറ്റീവാണ്.